ബിനീഷിനെ ആക്രമിച്ച ‘നാവിപ്പോള്‍’ നിശബ്ദമാണ് . . .ഖമറുദ്ദീന്‍ ‘ചതിച്ചു’

മുസ്ലീം ലീഗിലെ ക്ഷുഭിത യൗവനമാണ് പി.കെ ഫിറോസ്. നിയമസഭയിലെ തീപ്പൊരിയാണ് കെ.എം ഷാജി. ഇരുവരെയും ഭാവി വാഗ്ദാനമായാണ് ലീഗ് പ്രവര്‍ത്തകരും നോക്കി കാണുന്നത്. ലീഗില്‍ മുനീര്‍ ചേരിയിലാണ് ഇവര്‍ നിലയുറപ്പിച്ചിരിക്കുന്നത്. കെ.എം.ഷാജിക്ക് നല്‍കിയ അവസരം ഇതുവരെ യൂത്ത ലീഗ് ജനറല്‍ സെകട്ടറിയായ പി.കെ ഫിറോസിന് ലീഗ് നേതൃത്വം നല്‍കിയിട്ടില്ല. എന്നാല്‍ ഇടപെടലുകളുടെ കാര്യത്തില്‍ ലീഗില്‍ ഒന്നാമന്‍ ഈ യുവ നേതാവ് തന്നെയാണ്. സ്വന്തം പ്രതിച്ഛായ ഉയര്‍ത്തി പാര്‍ലമെന്ററി രാഷ്ട്രീയത്തിലിറങ്ങാനാണ് ഫിറോസിന്റെ തീരുമാനം. പാണക്കാട് മുനവറലി തങ്ങളുടെ പിന്തുണയും അദ്ദേഹത്തിനുണ്ട്. ഏറ്റവും ഒടുവില്‍ ബിനീഷ് കോടിയേരിക്കെതിരെയാണ് ഫിറോസ് പടവാളെടുത്തത്. മയക്കുമരുന്ന് മാഫിയ, സ്വര്‍ണ്ണക്കടത്ത്, കള്ളപ്പണ ഇടപാട്, വ്യാജ കമ്പനികള്‍ തുടങ്ങി നിരവധി ആരോപണങ്ങളാണ് ബിനീഷിനെതിരെ ഫിറോസ് ഉന്നയിച്ചിരിക്കുന്നത്. കേരള രാഷ്ട്രീയത്തെ ഞെട്ടിച്ച ആരോപണമായിരുന്നു അത്. ഇതിന്റെ പ്രതിഫലനമാണ് എന്‍ഫോഴ്‌സ്‌മെന്റിന്റെ ഭാഗത്തു നിന്നും ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്.

11 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ നിര്‍ണ്ണായകമായ ചില വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ വീണ്ടും ബിനീഷിനെ ചോദ്യം ചെയ്യുവാനാണ് തീരുമാനം. ബിനീഷ് തെറ്റ് ചെയ്‌തെങ്കില്‍ ശിക്ഷിക്കുവാന്‍ കോടിയേരി ബാലകൃഷ്ണന്‍ തന്നെ ആവശ്യപ്പെട്ടിട്ടുണ്ട്. ആരും ബിനീഷിനെ രക്ഷിക്കാന്‍ വരില്ലെന്നാണ് സി.പി.എം സംസ്ഥാന സെക്രട്ടറി വ്യക്തമാക്കിയിരിക്കുന്നത്. പാര്‍ട്ടി നിലപാടാണിത്. മുഖ്യമന്ത്രിക്കും കേന്ദ്ര ഏജന്‍സികള്‍ തന്നെ സത്യം കണ്ടെത്തട്ടെ എന്ന നിലപാടാണുള്ളത്. വിമര്‍ശകര്‍ക്ക് മുന്നില്‍ സി.പി.എം നേതാക്കളും ഇക്കാര്യങ്ങള്‍ തന്നെയാണ് പറയുന്നത്. പാര്‍ട്ടി സെക്രട്ടറിയുടെ മകനാണെന്ന ഒരു പരിഗണനയും നല്‍കില്ലെന്ന് തന്നെയാണ് അവരുടെ നിലപാട്. കേന്ദ്ര ഏജന്‍സി ആയതിനാല്‍ ബി.ജെ.പിക്കും മറ്റൊന്നും പറയാന്‍ പറ്റാത്ത സാഹചര്യമാണുള്ളത്.

സി.പി.എമ്മിന്റെ തന്ത്രപരമായ ഈ നിലപാടിന് മുന്നില്‍ ഇപ്പോള്‍ വെട്ടിലായിരിക്കുന്നത് പി.കെ ഫിറോസാണ്. തട്ടിപ്പിന് കൂട്ട് നില്‍ക്കുന്നവരെ ഒറ്റപ്പെടുത്തണമെന്ന് വാദിക്കുന്ന ഫിറോസ് ലീഗ് എം.എല്‍.എയുടെ തട്ടിപ്പില്‍ നിശബ്ദനാണ്. ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസില്‍ മഞ്ചേശ്വരം എം.എല്‍.എ എം.സി ഖമറുദ്ദീന്‍ ആണ് കുടുങ്ങിയിരിക്കുന്നത്. ഇയാളെ പാര്‍ട്ടി ചുമതലകളില്‍ നിന്നും നീക്കാന്‍ ഇതുവരെ ലീഗ് നേതൃത്വം തയ്യാറായിട്ടില്ല. സ്വന്തം പാര്‍ട്ടി എം.എല്‍.എയുടെ തട്ടിപ്പിനെ കുറിച്ച് എന്തുകൊണ്ടാണ് ഫിറോസ് പ്രതികരിക്കാത്തത് എന്ന ചോദ്യവും ഉയര്‍ന്നു കഴിഞ്ഞു. ഖമറുദ്ദീനെ അനുകൂലിച്ചും എതിര്‍ത്തും ലീഗില്‍ ശക്തമായ ചേരികളാണ് രൂപപ്പെട്ടിരിക്കുന്നത്.

അവസരം മുതലെടുത്ത് സി.പി.എമ്മും സര്‍ക്കാറും ശക്തമായ നിലപാടിലാണ്. നിരവധി കേസുകള്‍ ഇതിനകം തന്നെ എം.എല്‍.എയ്ക്ക് എതിരെ രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. ചന്തേരയില്‍ മാത്രം 22 കേസുകളാണുള്ളത്. കാസര്‍ഗോഡ് ടൗണ്‍ പൊലീസ് സ്റ്റേഷനില്‍ പുതിയ ഒരു കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതിനു പുറമെ ഹൊസ് ദുര്‍ഗ് കോടതിയില്‍ 70 ലക്ഷത്തിന്റെ വണ്ടിച്ചെക്ക് കേസുമുണ്ട്. പരാതികള്‍ ഇനിയും വര്‍ധിക്കാനാണ് സാധ്യത.

ഈ സാഹചര്യത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിനാണിപ്പോള്‍ കൈമാറിയിരിക്കുന്നത്. ഏത് നിമിഷവും എം.എല്‍.എയുടെ അറസ്റ്റ് ഉണ്ടാകുമെന്ന അവസ്ഥയാണ് നിലവിലുള്ളത്. ഇതോടെ മുസ്ലീം ലീഗാണ് കൂടുതല്‍ പ്രതിരോധത്തിലാകുക. സി.പി.എം നേതാവിന്റെ മകന്റെ തട്ടിപ്പിന് പിന്നാലെ പോയ ഫിറോസ് സ്വന്തം നേതാവിന്റെ തട്ടിപ്പാണ് ഇവിടെ കാണാതെ പോയിരിക്കുന്നത്. സി.പി.എമ്മിനു നേരെ ഫിറോസ് തൊടുത്ത അസ്ത്രം യഥാര്‍ത്ഥത്തില്‍ ലീഗില്‍ തന്നെയാണിപ്പോള്‍ തറച്ചിരിക്കുന്നത്.

Top