ടോക്കിയോ ഒളിംപിക്‌സിന് നാളെ തിരിതെളിയും

ടോക്കിയോ: ടോക്കിയോ ഒളിംപിക്‌സിന് നാളെ തിരിതെളിയും. ഇന്ത്യന്‍ സമയം നാളെ വൈകീട്ട് 4:30നാണ് ഉദ്ഘാടന ചടങ്ങുകള്‍ ആരംഭിക്കുക. ഇത് രണ്ടാം തവണയാണ് ടോക്കിയോ വിശ്വ കായിക മാമാങ്കത്തിന് വേദിയാകുന്നത്. ഒളിംപിക്‌സിന്റെ ടോര്‍ച്ച് റിലേ നാളെ ഉദ്ഘാടന വേദിയില്‍ എത്തിച്ചേരും.

‘വികാരത്താല്‍ ഒരുമിക്കുന്നു. അല്ലെങ്കില്‍ വൈകാരികമായി ഐക്യപ്പെടുന്നു’. കൊവിഡ് മഹാമാരിയുടെ കാലത്തും ‘കൂടുതല്‍ വേഗത്തില്‍ കൂടുതല്‍ ഉയരത്തില്‍, കൂടുതല്‍ ശക്തിയില്‍ എന്ന മുദ്രാവാക്യം അന്വര്‍ത്ഥമാക്കാന്‍ കായികലോകം ഒരുങ്ങിക്കഴിഞ്ഞു.

ജപ്പാന്‍ നാഷണല്‍ സ്‌റ്റേഡിയത്തില്‍ വൈകീട്ട് 4:30ന് ഉദ്ഘാടനച്ചടങ്ങുകള്‍ക്ക് തുടക്കമാകും. തെരഞ്ഞെടുക്കപ്പെട്ട അതിഥികള്‍ക്ക് മാത്രമാകും ചടങ്ങിലേക്ക് ക്ഷണം. ലോകം ഇതേവരെ കാണാത്ത അതിനൂതന സാങ്കേതിക വിദ്യയുടെ വിസ്മയ അനുഭവമായിരിക്കും സങ്കടകാലത്തെ ഈ ഒളിംപിക്‌സെന്നാണ് ജപ്പാന്റെ വാഗ്ദാനം. 1964ലെ ഒളിംപിക്‌സിന് ആതിഥ്യമരുളിയ ടോക്യോയിലേക്ക് ലോകത്തിലെ ഏറ്റവും വലിയ കായികമേള വന്നെത്തുന്നത് ഇത് രണ്ടാംതവണയാണ്.

ലിംഗനീതി ഉറപ്പാക്കുന്നതാണ് ഇത്തവണത്തെ ഒളിംപിക്‌സിന്റെ പ്രത്യേകത. എല്ലാ ടീമുകള്‍ക്കും ആദ്യമായി പതാകവാഹകരായി പുരുഷ വനിതാ താരങ്ങളുണ്ടാവും. ഒളിംപിക് പ്രതിജ്ഞാ വാചകം ചെല്ലുന്നതിലും ഇത്തവ സ്ത്രീസാന്നിധ്യം ഉറപ്പാക്കി. നാളെ മുതല്‍ കായികലോകം ടോക്കിയോയിലേക്ക് ചുരുങ്ങുകയാണ്. 11090 അത്‌ലറ്റുകള്‍ ഒറ്റലക്ഷ്യത്തിനായി ഇറങ്ങുമ്പോള്‍ ടോക്കിയോ ലോകത്തോളം വലുതാവും.

Top