ടോക്യോ ഒളിമ്പിക്‌സിന് ഇന്ന് തിരി തെളിയും

ടോക്യോ: ടോക്യോ ഒളിമ്പിക്‌സിന് ഇന്ന് തിരി തെളിയും. ഇന്ത്യന്‍ സമയം വൈകിട്ട് 4.30നാണ് ഉദ്ഘാടന ചടങ്ങുകള്‍ തുടങ്ങുക. നാളെ മുതല്‍ മെഡല്‍ പോരാട്ടങ്ങള്‍ ആരംഭിക്കും. കോവിഡ് വ്യാപനത്തിനിടയിലാണ് ഇത്തവണ ഒളിംപിക്‌സ്. ടോക്യോയില്‍ രോഗവ്യാപനം രൂക്ഷമായി തന്നെ തുടരുകയാണ്.

ടോക്യോ രണ്ടാം തവണയാണ് ഒളിമ്പിക്‌സ് വേദിയാകുന്നത്. ഈ വര്‍ഷം സ്‌കേറ്റ്‌ബോര്‍ഡിംഗ്, കരാട്ടെ, സര്‍ഫിംഗ്, സ്‌പോര്‍ട്ട് ക്ലൈംബിംഗ് തുടങ്ങിയ മത്സര ഇനങ്ങളും ഒളിമ്പിക്‌സിന്റെ ഭാഗമാണ്. ഈ തവണ 42 വേദികളിലായി 33 കായിക ഇനങ്ങളില്‍ 339 മത്സരങ്ങളാണ് നടക്കുക.

അന്‍പതില്‍ താഴെ അത്‌ലറ്റുകള്‍ മാത്രമായിരിക്കും ഇന്ത്യയെ പ്രതിനിധീകരിച്ച് ഉദ്ഘാടന ചടങ്ങിനുണ്ടാകുക. എം.സി മേരി കോം, മന്‍പ്രീത് സിംഗ് എന്നിവരാണ് ഇന്ത്യന്‍ സംഘത്തെ നയിക്കുക. ജാപ്പനീസ് അക്ഷരമാലക്രമം അനുസരിച്ച് ഇരുപത്തിയൊന്നാമതായാണ് ഇന്ത്യ എത്തുക.

കാണികളില്ലാതെ ആരവമില്ലാതെയാണ് വിശ്വമേള നടക്കുന്നത്. പതിവായി കെങ്കേമമാക്കുന്ന ഉദ്ഘാടന ചടങ്ങിലും ഗ്യാലറികള്‍ ഒഴിഞ്ഞു കിടക്കും. രാഷ്ട്രത്തലവന്‍മാരും പ്രതിനിധികളും സ്‌പോണ്‍സര്‍മാരും ഒളിമ്പിക് കമ്മിറ്റി അംഗങ്ങളും ഉള്‍പ്പെടെ ആയിരത്തില്‍ താഴെ ആളുകള്‍ക്കാണ് പ്രവേശനം.

അറുപതിനായിരത്തോളം കാണികളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ഷിന്‍ജുകുവിലെ ന്യൂ നാഷണല്‍ സ്‌റ്റേഡിയത്തില്‍ ശൂന്യത നിഴലിക്കുമെന്നുറപ്പാണ്. എന്നിരുന്നാലും പതിവ് ചടങ്ങുകള്‍ക്കൊപ്പം ജപ്പാന്റെ സാംസ്‌കാരിക തനിമ പ്രകടമാക്കുന്നതാകും ഉദ്ഘാടനത്തിലെ കലാപരിപാടികള്‍.

ടോക്യോയില്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍, മംഗോളിയയുടെ പ്രധാനമന്ത്രി എര്‍ഡേന്‍, അമേരിക്കയുടെ പ്രഥമ വനിത ജില്‍ ബൈഡന്‍ തുടങ്ങി പ്രമുഖരുടെ നീണ്ട നിരയെ പ്രതീക്ഷിക്കാം. നാല് മണിക്കൂര്‍ നീളുന്നതാണ് ഉദ്ഘാടന ചടങ്ങ്.

Top