മൂന്നാറില്‍ വീണ്ടും കടുവ ഇറങ്ങി; വീടുകളില്‍ നിന്ന്‌ പുറത്തിറങ്ങരുതെന്ന് പ്രദേശവാസികള്‍ക്ക് നിര്‍ദേശം

ഇടുക്കി: മൂന്നാറിൽ വീണ്ടും കടുവയിറങ്ങിയതിന് പിന്നാലെ പ്രദേശവാസികൾക്ക് ജാ​ഗ്രതാ നിർദേശം. കടുവ ആക്രമണകാരിയായതിനാൽ വീടിന് പുറത്തിറങ്ങരുത് എന്നാണ് പ്രദേശവാസികൾക്ക് നിർദേശം നൽകിയിരിക്കുന്നത്. തിങ്കളാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് കടുവയെ കണ്ടത്.

കടുവയുടെ ദൃശ്യങ്ങൾ അതുവഴി കടന്നുപോയ വാഹനത്തിലെ യാത്രക്കാർ പകർത്തുകയായിരുന്നു. കഴിഞ്ഞ ദിവസം 10 പശുക്കളെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയിരുന്നു. വളർത്തുമൃഗങ്ങളെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയതിന് മൂന്നു കിലോമീറ്റർ പരിധിയിലാണ് വീണ്ടും കടുവയുടെ സാന്നിധ്യം കണ്ടെത്തുന്നത്. ‍മൂന്നാർ രാജമല നൈമക്കാട്ടെ ജനവാസ കേന്ദ്രത്തിൽ ഇറങ്ങിയാണ് കഴിഞ്ഞ ദിവസം രാത്രി കടുവ വളർത്തു മൃഗങ്ങളെ അക്രമിച്ചു കൊന്നത്.

കടുവയെ പിടികൂടാൻ വനം വകുപ്പ് ഊർജിത ശ്രമം നടത്തുകയാണ്. ഇവയെ പിടികൂടാനായി നാല് കൂടുകൾ സ്ഥാപിച്ചിട്ടുണ്ട്. പ്രദേശത്ത് കൺട്രോൾ റൂമും പ്രവർത്തനം തുടങ്ങി. ഇരവികുളം ദേശീയ പാർക്കിന്റെ മുന്നിലെ റോഡ് തോട്ടം തൊഴിലാളികൾ കഴിഞ്ഞ ദിവസം ഉപരോധിച്ചു. കടുവയെ ഉടൻ പിടികൂടണമെന്നും നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ടായിരുന്നു ഉപരോധം.

Top