പലിശക്കാരുടെ ഭീഷണി; പാലക്കാട് ഗൃഹനാഥന്‍ ജീവനൊടുക്കി

പാലക്കാട്: പലിശക്കാരുടെ ഭീഷണിയെ തുടര്‍ന്ന് ഗൃഹനാഥന്‍ ജീവനൊടുക്കിയതായി പരാതി. കല്ലേപ്പുള്ളി സ്വദേശി സി.കെ സുരേന്ദ്രനാഥാണ് മരിച്ചത്. പലിശക്കാര്‍ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായി സുരേന്ദ്രനാഥിന്റെ ഭാര്യ പറഞ്ഞു. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.

പത്ത് ലക്ഷത്തോളം രൂപ സുരേന്ദ്രന് പലിശക്കാര്‍ക്ക് കൊടുക്കേണ്ടതായുണ്ടായിരുന്നു. തുടര്‍ന്ന് രാത്രിയിലടക്കം നിരന്തരം പലിശക്കാര്‍ വീട്ടിലെത്തി ബുദ്ധിമുട്ടിക്കുമായിരുന്നു എന്ന് സുരേന്ദ്രന്റെ ഭാര്യ അംബിക പറയുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പാലക്കാട് ടൌണ്‍ നോര്‍ത്ത് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കല്ലേപ്പുള്ളിയില്‍ നേരത്തെയും പലിശക്കാരുടെ ശല്യം സംബന്ധിച്ച് പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്.

പലിശ മാഫിയ സംഘങ്ങളുടെ കേന്ദ്രമെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. കേരളത്തില്‍ നിന്ന് മാത്രമല്ല തമിഴ്നാട്ടില്‍ നിന്നുള്ള പലിശസംഘവും ഇവിടെ സജീവമാണെന്ന് നാട്ടുകാര്‍ പറയുന്നു. സംഭവം പോലീസ് വിശദമായി അന്വേഷിച്ച് വരികയാണ്.

 

Top