സാമ്പത്തിക മാന്ദ്യ ഭീഷണി വിട്ടു മാറാതെ യുഎസ്

വാഷിങ്ടൻ: സാമ്പത്തിക മാന്ദ്യ ഭീഷണി വിട്ടു മാറാതെ യുഎസ്. കൊമേഴ്സ് ഡിപ്പാർട്മെന്റ് പുറത്തുവിട്ട കണക്കു പ്രകാരം ജനുവരി– മാർച്ച് കാലയളവിൽ സാമ്പത്തിക രംഗം 1.1 ശതമാനം വളർച്ച മാത്രമാണ് നേടിയത്. ഉയർന്ന പലിശ നിരക്കും, പുതിയ നിക്ഷേപം നടത്താൻ കമ്പനികൾ മടിക്കുന്നതുമാണ് കാരണമായി പറയുന്നത്. കഴിഞ്ഞ ഒക്ടോബർ –ഡിസംബർ കാലയളവിൽ 2.6 ശതമാനം വളർച്ച നേടിയിരുന്നു. ജൂലൈ– സെപ്റ്റംബർ കാലത്തെ വളർച്ച 3.2 ശതമാനവും. ഉപഭോക്താക്കൾ ചെലവഴിക്കുന്ന തോതിലും കാര്യമായ വർധന കൈവരിക്കാൻ സാധിച്ചില്ല. യുഎസിലെ സാമ്പത്തിക പ്രവർത്തനങ്ങളിൽ 70 ശതമാനം ഈ മേഖലയിലാണ്.

ജനുവരി– മാർച്ച് കാലയളവിൽ 1.9 ശതമാനം വർച്ചയാണ് സാമ്പത്തിക രംഗം പ്രതീക്ഷിച്ചിരുന്നത്. നാണ്യപ്പെരുപ്പം നിയന്ത്രിക്കാൻ ഫെഡറൽ റിസർവ് 9 തവണയാണ് പലിശ നിരക്ക് ഉയർത്തിയത്. എന്നിട്ടും ലക്ഷ്യമിട്ട 2 ശതമാനത്തിനു താഴെ വിലക്കയറ്റത്തോതിനെ പിടിച്ചു നിർത്താൻ സാധിച്ചിട്ടില്ല. പലിശ നിരക്ക് ഉയർന്നു നിൽക്കുന്നത് വീണ്ടും ഭീഷണി ഉയർത്തുമെന്ന ആശങ്കയിലാണ് വ്യവസായ രംഗം. 2 പ്രമുഖ ബാങ്കുകളുടെ തകർച്ച, വായ്പാ വിതരണത്തിൽ കനത്ത നിയന്ത്രണം ഏർപ്പെടുത്താനും ബാങ്കുകളെ പ്രേരിപ്പിക്കുന്നു. റീട്ടെയ്ൽ മേഖലയും മാന്ദ്യം നേരിടുന്നുണ്ട്. ജനുവരി– മാർച്ച് കാലയളവിൽ തൊഴിൽ ലഭ്യതയുടെ തോതിൽ നേരിയ കുറവ് ഉണ്ടായെങ്കിലും ഈ രംഗം ശക്തമായി നിലനിൽക്കുന്നത് ആശ്വാസത്തിനു കാരണമാകുമെന്ന് സാമ്പത്തിക വിദഗ്ധർ പറയുന്നു.

അടുത്ത ആഴ്ച്ച ഫെഡറൽ റിസർവ് പലിശ നിരക്കിൽ വരുത്തുന്ന മാറ്റങ്ങളിലാണ് ഇനി വിപണിയുടെ ശ്രദ്ധ.

Top