ഇന്ത്യ-ഇംഗ്ലണ്ട് ക്രിക്കറ്റ് പരമ്പരയിലെ മൂന്നാം ടെസ്റ്റ് നാളെ രാജ്‌കോട്ടില്‍ തുടങ്ങും

രാജ്‌കോട്ട്: ഇന്ത്യ-ഇംഗ്ലണ്ട് ക്രിക്കറ്റ് പരമ്പരയിലെ മൂന്നാം ടെസ്റ്റ് നാളെ രാജ്‌കോട്ടില്‍ തുടങ്ങും. ഓരോ മത്സരങ്ങള്‍ വീതം ജയിച്ച ഇരുടീമുകള്‍ക്കും പരമ്പരയില്‍ മുന്നിലെത്തുകയാണ് ലക്ഷ്യം. വിരാട് കോഹ്ലി, കെ എല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍ തുടങ്ങിയവര്‍ പരമ്പരയിലെ അവശേഷിച്ച മത്സരങ്ങള്‍ക്ക് ഉണ്ടാവില്ല. ഈ സാഹചര്യത്തില്‍ മൂന്നാം ടെസ്റ്റില്‍ ഇന്ത്യന്‍ ടീമില്‍ നിര്‍ണായക മാറ്റങ്ങള്‍ ഉണ്ടായേക്കും.

വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ കെ എസ് ഭരതിന് പകരം ധ്രുവ് ജുറേലിനും അവസരം നല്‍കിയേക്കും. മോശം ഫോമാണ് ഭരതിന് തിരിച്ചടിയാകുന്നത്. രാജ്‌കോട്ടിലെ സാഹചര്യങ്ങളില്‍ രണ്ട് പേസര്‍മാരെ ഉള്‍പ്പെടുത്താന്‍ ഇംഗ്ലണ്ട് ക്യാമ്പില്‍ ആലോചനയുണ്ട്. എങ്കില്‍ ജെയിംസ് ആന്‍ഡേഴ്‌സണൊപ്പം മാര്‍ക് വുഡ് ഇംഗ്ലീഷ് ടീമില്‍ ഉള്‍പ്പെട്ടേക്കും.

കഴിഞ്ഞ മത്സരത്തില്‍ തിളങ്ങിയില്ലെങ്കിലും രജത് പാട്ടിദാര്‍ ടീമില്‍ തുടര്‍ന്നേക്കും. കെ എല്‍ രാഹുലിന് പകരക്കാരനായി സര്‍ഫ്രാസ് ഖാന്‍ ടീമിലെത്താനാണ് സാധ്യത കൂടുതല്‍. എങ്കില്‍ ഏറെകാലത്തെ കാത്തിരിപ്പിനൊടുവില്‍ സര്‍ഫ്രാസിന് ഇന്ത്യന്‍ ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിക്കാം. പരിക്കേറ്റ് കെ എല്‍ രാഹുലിന് പകരമായി കര്‍ണാടകക്കാരനായ മലയാളി താരം ദേവ്ദത്ത് പടിക്കല്‍ ഇന്ത്യന്‍ ക്യാമ്പിലേക്ക് എത്തിയിരുന്നു.

Top