ന്യൂസിലന്‍ഡ്-ഓസ്ട്രേലിയ ആദ്യ ടെസ്റ്റിന്റെ മൂന്നാം ദിനം ആവേശകരം

വെല്ലിംഗ്ടണ്‍: ബേസിന്‍ റിസര്‍വ് വേദിയാവുന്ന ന്യൂസിലന്‍ഡ്-ഓസ്ട്രേലിയ ആദ്യ ടെസ്റ്റിന്റെ മൂന്നാം ദിനം ആവേശകരം. 204 റണ്‍സിന്റെ ലീഡുമായി രണ്ടാം ഇന്നിംഗ്സിനിറങ്ങിയ ഓസ്‌ട്രേലിയ 51.1 ഓവറില്‍ 164 റണ്‍സില്‍ ഓള്‍ഔട്ടായി. 45 റണ്‍സ് വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റ് നേടിയ സ്പിന്നര്‍ ഗ്ലെന്‍ ഫിലിപ്സിന്റെ പ്രകടനമാണ് ഓസീസിനെ കുഞ്ഞന്‍ സ്‌കോറില്‍ ഒതുക്കിയത്. എങ്കിലും അവസാന ഇന്നിംഗ്സില്‍ ഓസീസ് വച്ചുനീട്ടിയിരിക്കുന്ന 369 റണ്‍സ് വിജയലക്ഷ്യം ബാറ്റിംഗ് ദുഷ്‌കരമായ വെല്ലിംഗ്ടണ്‍ പിച്ചില്‍ ന്യൂസിലന്‍ഡിന് വലിയ വെല്ലുവിളിയാകും.

നേരത്തെ ഓസ്‌ട്രേലിയയുടെ ഒന്നാം ഇന്നിംഗ്സ് സ്‌കോറായ 383 റണ്‍സ് പിന്തുടര്‍ന്ന ന്യൂസിലന്‍ഡ് 179 റണ്‍സില്‍ പുറത്തായിരുന്നു. ബാറ്റിംഗിലും തിളങ്ങിയ ഗ്ലെന്‍ ഫിലിപ്സ് 71 റണ്‍സുമായി ടോപ് സ്‌കോറായപ്പോള്‍ മാറ്റ് ഹെന്റി (42), ടോം ബ്ലന്‍ഡല്‍ (33), ഡാരില്‍ മിച്ചല്‍ (11) എന്നിങ്ങനെയാണ് രണ്ടക്കം കണ്ട താരങ്ങളുടെ സ്‌കോറുകള്‍. ടോം ലാഥം (5), വില്‍ യങ് (9), കെയ്ന്‍ വില്യംസണ്‍ (0), രചിന്‍ രവീന്ദ്ര (0), ഡാരില്‍ മിച്ചല്‍ (11), ടിം സൗത്തി (1), വില്യം റൂര്‍ക്കി (0*) എന്നിങ്ങനെയായിരുന്നു മറ്റ് കിവീസ് താരങ്ങളുടെ സ്‌കോറുകള്‍. ഓസ്‌ട്രേലിയക്കായി നേഥന്‍ ലിയോണ്‍ നാല് വിക്കറ്റ് നേടി. ആദ്യ ഇന്നിംഗ്സില്‍ 275 പന്തില്‍ 174 റണ്‍സുമായി പുറത്താവാതെ നിന്ന കാമറൂണ്‍ ഗ്രീനാണ് ബാറ്റിംഗ് ദുഷ്‌കരമായ പിച്ചില്‍ ഓസീസിന് തുണയായത്.

8 ഓവറില്‍ 13-2 എന്ന നിലയിലാണ് ഓസ്‌ട്രേലിയ മൂന്നാം ദിനം ബാറ്റിംഗ് പുനരാരംഭിച്ചത്. സ്റ്റീവ് സ്മിത്തിനെ പൂജ്യത്തിലും മാര്‍നസ് ലബുഷെയ്നെ രണ്ട് റണ്‍സിലും രണ്ടാം ദിനത്തിന്റെ അവസാന ഓവറുകളില്‍ ഓസീസിന് നഷ്ടമായിരുന്നു. നെറ്റ് വാച്ച്മാന്‍ നേഥന്‍ ലിയോണും ഉസ്മാന്‍ ഖവാജയും ചേര്‍ന്നുള്ള പ്രതിരോധം മൂന്നാം ദിനത്തിന്റെ തുടക്കത്തില്‍ സന്ദര്‍ശകര്‍ക്ക് പ്രതീക്ഷയായി. എന്നാല്‍ ലിയോണിനെ 41 റണ്‍സിലും ഉസ്മാന്‍ ഖവാജയെ 28 റണ്‍സിലും സന്ദര്‍ശകര്‍ക്ക് നഷ്ടമായി. ട്രാവിസ് ഹെഡ് 29 റണ്‍സില്‍ മടങ്ങിയപ്പോള്‍ ആദ്യ ഇന്നിംഗ്സിലെ സൂപ്പര്‍ സെഞ്ചുറി വീരന്‍ കാമറൂണ്‍ ഗ്രീന്‍ 34 റണ്‍സില്‍ പുറത്തായി. ഇതിന് ശേഷം മിച്ചല്‍ മാര്‍ഷ് (0), അലക്സ് ക്യാരി (3), പാറ്റ് കമ്മിന്‍സ് (8), മിച്ചല്‍ സ്റ്റാര്‍ക്ക് (12), ജോഷ് ഹേസല്‍വുഡ് (1) എന്നിങ്ങനെയായിരുന്നു ഓസ്‌ട്രേലിയന്‍ താരങ്ങളുടെ സ്‌കോറുകള്‍. 37 റണ്‍സിനിടെ അവസാന ആറ് വിക്കറ്റ് ഓസീസിന് നഷ്ടമായി. ഗ്ലെന്‍ ഫിലിപ്സിന്റെ അഞ്ചിന് പുറമെ മാറ്റ് ഹെന്റി മൂന്നും ടിം സൗത്തി രണ്ടും വിക്കറ്റ് സ്വന്തമാക്കി.

Top