കർണാടകത്തിലെ പാഠപുസ്തകത്തിൽ നിന്നും ഒഴിവാക്കിയ ശ്രീനാരായണഗുരുവിന്റെ പാഠഭാഗം വീണ്ടും ഉൾപ്പെടുത്തും

ബെംഗളൂരു: ശ്രീനാരായണഗുരുവിനെക്കുറിച്ചുള്ള പാഠഭാഗം കർണാടകത്തിലെ പത്താംക്ലാസിലെ സാമൂഹികപാഠപുസ്തകത്തിൽ വീണ്ടും ഉൾപ്പെടുത്തും. കർണാടകത്തിലെ സ്കൂൾ പാഠപുസ്തക പരിഷ്കരണത്തിലാണ് ശ്രീനാരായണഗുരുവിനെപ്പറ്റിയുള്ള പാഠഭാഗം ഒഴിവാക്കിയത്. ഇതിനെതിരേ സംസ്ഥാനത്ത് വൻ പ്രതിഷേധമുയർന്നതോടെ കന്നഡ ഓപ്ഷണൽ പാഠപുസ്തകത്തിൽ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ ഇത് മുഴുവൻ വിദ്യാർഥികളും പഠിക്കുന്ന വിഷയമല്ല എന്ന് പ്രദിഷേധങ്ങൾ തുടർന്നതോടെ പാഠഭാഗം കന്നഡ പാഠപുസ്തകത്തിൽനിന്ന് ഒഴിവാക്കി സാമൂഹികപാഠപുസ്തകത്തിൽത്തന്നെ തിരിച്ചെടുക്കാൻ തീരുമാനമായത്. ഇതുസംബന്ധിച്ച് ഉടൻ ഉത്തരവിറക്കുമെന്ന് വിദ്യാഭ്യാസമന്ത്രി ബി.സി. നാഗേഷ് പറഞ്ഞു.

ശ്രീനാരായണഗുരുവിനെക്കുറിച്ചുള്ള പാഠഭാഗം ഒഴിവാക്കിയതിനെതിരേ തീരദേശജില്ലകളിൽ പ്രതിഷേധം അണയാതെ നിൽക്കുകയായിരുന്നു. ഈ മേഖലയിൽനിന്നുള്ള ബി.ജെ.പി. സംസ്ഥാന പ്രസിഡന്റും എം.പി.യുമായ നളിൻകുമാർ കട്ടീലും മന്ത്രി സുനിൽകുമാറും കഴിഞ്ഞ ദിവസം വിദ്യാഭ്യാസമന്ത്രിയെ കണ്ട് ഇക്കാര്യം ബോധ്യപ്പെടുത്തിയതിനെത്തുടർന്നാണ് നടപടി.

സാമൂഹികപാഠപുസ്തകത്തിൽനിന്ന് ശ്രീനാരായണഗുരുവിനൊപ്പം തമിഴ് സാമൂഹികപരിഷ്കർത്താവ് പെരിയോർ ഇ.വി. രാമസ്വാമി നായ്ക്കരെയും പുറത്താക്കിയിരുന്നു. കന്നഡ പാഠ പുസ്തകത്തിൽനിന്ന് ഭഗത്‌സിങ്ങിനെ ഒഴിവാക്കിയെങ്കിലും പ്രതിഷേധത്തെത്തുടർന്ന് പിന്നീട് ഉൾപ്പെടുത്തി. ആർ.എസ്.എസ്. സ്ഥാപകൻ ഹെഡ്‌ഗെവാറിന്റെ പ്രസംഗം പുതുതായി ഉൾപ്പെടുത്തിയപ്പോഴാണ് ഭഗത്‌സിങ്ങിനെ ഒഴിവാക്കിയത്. അംബേദ്കറുടെ ഭരണഘടനാശില്പി എന്ന വിശേഷണമാണ് ഒഴിവാക്കിയതിൽ മറ്റൊന്ന്. സമൂഹികപരിഷ്കർത്താവായ ബസവേശ്വരനെക്കുറിച്ചുള്ള പാഠത്തിൽ വരുത്തിയ പരിഷ്കാരവും പ്രതിഷേധം വിളിച്ചുവരുത്തി.

Top