അഫ്ഗാനില്‍ ആറ് ഇന്ത്യക്കാരെ ഭീകരര്‍ തട്ടിക്കൊണ്ടു പോയി; മോചനശ്രമം ആരംഭിച്ചു

terrorist

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ ഏഴ് ഇന്ത്യക്കാരെ ഭീകരര്‍ തട്ടിക്കൊണ്ടു പോയി. അഫ്ഗാനിലെ ബഗ്‌ലാന്‍ പ്രവിശ്യയിലാണ് സംഭവം. ഐഎസ് ഭീകരരാണ് ഇവരെ തട്ടിക്കൊണ്ടു പോയതെന്നാണ് സൂചന. സംഭവത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ബാഗ്- ഇഷമല്‍ ഗ്രാമത്തിലുണ്ടായിരുന്നവരെയാണ് ആയുധധാരികള്‍ തട്ടിക്കൊണ്ടുപോയത്.

വടക്കന്‍ ബഗ്ലാന്‍ പ്രവിശ്യയിലെ വൈദ്യുതി സബ്‌സ്റ്റേഷന്‍ ജോലികള്‍ക്കായെത്തിയ സ്വകാര്യ കമ്പനിയിലെ ജീവനക്കാരായിരുന്നു ഏഴ് പേരും. തട്ടിക്കൊണ്ടു പോയവരില്‍ ഒരു അഫ്ഗാന്‍ സ്വദേശിയുമുണ്ട്. ഏഴ് ഇന്ത്യന്‍ എന്‍ജിനീയര്‍മാരെയാണു തട്ടിക്കൊണ്ടു പോയതെന്ന് ‘റോയിട്ടേഴ്‌സ്’ റിപ്പോര്‍ട്ട് ചെയ്തു.

സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പവര്‍ പ്ലാന്റിലേക്കു മിനി ബസില്‍ യാത്ര ചെയ്യുമ്പോഴായിരുന്നു സംഭവം നടന്നത്. ബസിനെ വളഞ്ഞ ആയുധധാരികള്‍ എല്ലാവരെയും തട്ടിക്കൊണ്ടു പോകുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. ബസിന്റെ ഡ്രൈവറായിരുന്നു അഫ്ഗാന്‍ സ്വദേശി. സംഭവം ഇന്ത്യന്‍ എംബസി സ്ഥിരീകരിച്ചു. മോചനത്തിനായുള്ള ശ്രമം തുടങ്ങിയതായും അറിയിച്ചു. മോചനദ്രവ്യം ആവശ്യപ്പെട്ട് ആരും ഇതുവരെ സമീപിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.

‘ദ അഫ്ഗാനിസ്ഥാന്‍ ബ്രെഷ്‌ന ഷേര്‍ക്കത്ത്’ എന്ന കമ്പനി ജീവനക്കാരായിരുന്നു ഏഴ് ഇന്ത്യക്കാരും. രാജ്യത്തെ പവര്‍ സ്റ്റേഷനുകളുടെ നടത്തിപ്പു ചുമതലയുള്ള കമ്പനികളിലൊന്നാണിത്. ഇതിന്റെ ഭാഗമായുള്ള അറ്റകുറ്റപ്പണിക്കായി ബഗ്ലാനിലേക്കു പോകുമ്പോഴായിരുന്നു സംഭവം.

നൂറ്റി അന്‍പതിലേറെ അഫ്ഗാന്‍ എന്‍ജീനീയര്‍മാരും സാങ്കേതിക വിദഗ്ധരും നിലവില്‍ അഫ്ഗാനില്‍ ജോലി ചെയ്യുന്നുണ്ട്. താലിബാന്‍ ഭീകരരാണ് സംഭവത്തിനു പിന്നിലെന്നാണു സൂചന. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. 2016ല്‍ ഒരു ഇന്ത്യന്‍ രക്ഷാപ്രവര്‍ത്തകയെ കാബൂളില്‍ നിന്നു തട്ടിക്കൊണ്ടു പോയിരുന്നു. 40 ദിവസത്തിനു ശേഷം ഇവര്‍ മോചിപ്പിക്കപ്പെട്ടു.

Top