രാസായുധ പ്രയോഗത്തിൽ പിടഞ്ഞ് സിറിയ ; ഒബാമയുടെ പരാജയത്തിന് നൽകിയ ‘വില’

syriya

ണ്ണടച്ചാല്‍ ശ്വാസം കിട്ടാതെ പിടയുന്ന പിഞ്ചുകുഞ്ഞുങ്ങളെ ഓര്‍മ്മ വരും. പറഞ്ഞുവരുന്നത് സിറിയയെക്കുറിച്ചാണ്, അവിടെ നടക്കുന്ന ക്രൂരമായ രാസായുധപ്രയോഗങ്ങളെക്കുറിച്ചാണ്. സ്ത്രീകളും കുഞ്ഞുങ്ങളും ഉള്‍പ്പെടെ 70 പേരാണ് ദൂമയിലുണ്ടായ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

നാല് വര്‍ഷങ്ങള്‍ക്ക് മുന്‍പ് അവസാനിച്ചെന്ന് കരുതിയ രാസായുധപ്രയോഗമാണ് ഇപ്പോള്‍ വീണ്ടും സിറിയയിലെ സാധാരണക്കാരെ ശ്വാസംമുട്ടിക്കുന്നത്. 2014-ല്‍ ബറാക് ഒബാമ സര്‍ക്കാരിന്റെ കാലത്ത് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തുകയും ചെയ്തു. സിറിയന്‍ പ്രസിഡന്റ് ബഷാര്‍ അല്‍ അസദുമായി ഒബാമ സര്‍ക്കാര്‍ ഉണ്ടാക്കിയ കരാറിനെത്തുടര്‍ന്ന് എല്ലാ രാസായുധങ്ങളും നശിപ്പിച്ചതായാണ് ജോണി കെറി പ്രഖ്യാപിച്ചത്. അസദ് സംഭരിച്ചിരുന്ന രാസായുധശേഖരത്തെ പരാമര്‍ശിച്ചായിരുന്നു ഈ പ്രഖ്യാപനം.

SYRIAN

എന്നാല്‍ രണ്ട് പ്രധാന പഴുതുകള്‍ കരാറിലുണ്ടായിരുന്നു. കരാറില്‍ ഒപ്പുവെക്കുന്നതിന്റെ ഭാഗമായി പല കാര്യങ്ങളും അസദ് മറച്ചുവെച്ചു എന്നതാണ് ഇതില്‍ ഒന്നാമത്തേത്. തന്റെ യാത്രയയപ്പുമായി ബന്ധപ്പെട്ട് ജീവനക്കാര്‍ക്കെഴുതിയ കുറിപ്പില്‍ ജോണ്‍ കെറി പറഞ്ഞതിങ്ങനെ: ”നിര്‍ഭാഗ്യവശാല്‍ വെളിപ്പെടുത്താത്ത പല രാസായുധങ്ങളും അവരിപ്പോഴും സിറിയന്‍ ജനതക്കുനേരെ ഉപയോഗിച്ചുകൊണ്ടിരിക്കുന്നു”.

ക്ലോറിന്‍ വാതകം കരാറിന്റെ ഭാഗമായിരുന്നില്ല എന്നതാണ് രണ്ടാമത്തേത്. നിയമാനുസൃതമായി പലകാര്യങ്ങള്‍ക്കും സിറിയക്കാര്‍ ക്ലോറിന്‍ വാതകം ഉപയോഗിച്ചിരുന്നതിനാലാണ് ഇവയെ കരാറിന്റെ ഭാഗമാക്കാതിരുന്നത്. എന്നാല്‍ 2012 മുതല്‍ സിറിയയില്‍ നടന്ന 200ഓളം രാസായുധാക്രമണങ്ങളില്‍ പലപ്പോഴും ക്ലോറിന്‍ വാതകം ഉപയോഗിച്ചിരുന്നു എന്ന് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. ഏറ്റവുമൊടുവില്‍ ദൂമയിലുപയോഗിച്ചതും ക്ലോറിന്‍ തന്നെ.

SYRIAN

ഈ രണ്ട് കാര്യങ്ങളിലും ഒബാമ സര്‍ക്കാരിന് വീഴ്ച പറ്റിയെന്ന് വ്യക്തം. ഒബാമ സര്‍ക്കാരുണ്ടാക്കിയ കരാര്‍ ഒരു പരാജയമായിരുന്നു എന്നത് കഴിഞ്ഞ ഏപ്രിലോടെ ബോധ്യപ്പെട്ടതാണ്. സരിന്‍ വാതകമുപയോഗിച്ച് നടത്തിയ ആക്രമണത്തില്‍ 100ഓളം പേരാണ് കൊല്ലപ്പെട്ടത്. അപ്പോഴേക്കും ബാരല്‍ ബോംബുകളില്‍ ക്ലോറിന്‍ നിറച്ചുള്ള ആയുധങ്ങളുമായി അസദ് സജ്ജമായിക്കഴിഞ്ഞിരുന്നു. സരിനുള്‍പ്പെടെയുള്ളവ കരാറിന്റെ ഭാഗമായി രാജ്യത്തുനിന്ന് നീക്കിയിരുന്നു. എന്നാല്‍ അമേരിക്കയെ കബളിപ്പിച്ച് മതിയായ ആയുധസംരംഭം അസദ് സൂക്ഷിച്ചിരുന്നു. 1300 ടണ്‍ വരുന്ന രാസായുധങ്ങളെപ്പറ്റിയാണ് അസദ് വെളിപ്പെടുത്തിയത്. അവയെല്ലാം നശിപ്പിക്കാന്‍ കഴിഞ്ഞെന്നത് മാത്രമാണ് കരാറിന്റെ വിജയം.

ഒബാമക്ക് ശേഷം ഡൊണാള്‍ഡ് ട്രംപ് എത്തിയപ്പോഴും കാര്യങ്ങള്‍ വ്യത്യസ്തമായില്ല. ട്രംപ് അധികാരമേറ്റെടുത്ത ശേഷം നടക്കുന്ന എട്ടാമത്തെ രാസായുധാക്രമണമാണ് ദൂമയിലേത്. കഴിഞ്ഞ ഏപ്രിലിലുണ്ടായ ആക്രമണത്തിന് സിറിയന്‍ വ്യോമതാവളത്തിലെ മിസൈലാക്രമണത്തിലൂടെയാണ് അമേരിക്ക മറുപടി നല്‍കിയത്.

SYIRIA

ഈ വിഷയത്തില്‍ ഒബാമ സര്‍ക്കാരിനെ കുറ്റപ്പെടുത്തുകയാണ് ട്രംപ്. സിറിയയില്‍ നിന്ന് തങ്ങളുടെ മുഖം രക്ഷിക്കാനുള്ള ശ്രമം മാത്രമായേ ട്രംപിന്റെ പ്രതികരണങ്ങളേ കാണാനാകൂ എന്ന് വിദഗ്ധര്‍ പറയുന്നു. സിറിയയില്‍ നിന്ന് അമേരിക്കന്‍ സൈന്യം പുറത്തുകടക്കണമെന്ന സൂചനയും ട്രംപ് നല്‍കിയിരുന്നു. എന്നാല്‍ ഇസ്ലാമിക് സ്റ്റേറ്റിനെ പൂര്‍ണമായി തുരത്താതെ സൈന്യം പിന്മാറരുതെന്നായിരുന്നു ഉപദേശകരുടെ നിര്‍ദേശം. ഒടുവില്‍ ഐഎസിനെ തുരത്താതെ അമേരിക്ക സിറിയയില്‍ നിന്ന് പുറത്തുകടക്കില്ലെന്ന് വൈറ്റ് ഹൗസ് ഔദ്യോഗികമായി അറിയിച്ചു.

ഈ ചര്‍ച്ചകളിലും അഭിപ്രായപ്രകടനങ്ങളിലുമൊന്നും സിറിയന്‍ ജനത ഉള്‍പ്പെട്ടിട്ടില്ല എന്നതാണ് ദൗര്‍ഭാഗ്യകരമായ കാര്യം. ഇനിയും വിഷയത്തിന്റേതായ ഗൗരവത്തിലേക്ക് ഇവയൊന്നും എത്തിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്. രാസായുധാക്രമണങ്ങളില്‍ നിന്ന് സിറിയയിലെ കുഞ്ഞുങ്ങളുള്‍പ്പെടെയുള്ള സാധാരണക്കാര്‍ എന്ന് മോചിതരാകുമെന്ന് ഇനിയും വ്യക്തമല്ല.

റിപ്പോര്‍ട്ട്: അഞ്ജന മേരി പോള്‍

Top