കിറ്റെക്‌സിനെ ക്ഷണിച്ച് തെലുങ്കാന സര്‍ക്കാരും

ഹൈദരാബാദ്: കിറ്റെക്‌സിന് തെലുങ്കാന സര്‍ക്കാരിന്റെയും ക്ഷണം. കേരളത്തിലെ 3500 കോടി രൂപയുടെ വ്യവസായ പദ്ധതി ഉപേക്ഷിക്കാന്‍ തീരുമാനിച്ച കിറ്റെക്‌സ് ഗ്രൂപ്പിനെ സ്വാഗതം ചെയ്ത് ഇതൊടെ ആറ് സംസ്ഥാനങ്ങളാണ് എത്തിയിരിക്കുന്നത്. തെലുങ്കാന വ്യവസായ മന്ത്രി കെ.റ്റി രാമറാവുവാണ് സന്ദേശം കൈമാറിയത്. കിറ്റെക്‌സ് ഗ്രൂപ്പ് ചെയര്‍മാന്‍ സാബു ജേക്കബിനാണ് മന്ത്രി സന്ദേശം അയച്ചത്.

തെലുങ്കാനയുടെ വാഗ്ദാനങ്ങള്‍ അടക്കം അറിയിക്കാന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ജയേഷ് രജ്ജനെ മന്ത്രി ചുമതലപ്പെടുത്തിയതായും അറിയിച്ചു. 3500 കോടിയുടെ നിക്ഷേപ പദ്ധതി കേരളത്തില്‍ ഉപേക്ഷിച്ചതിന് പിന്നാലെയാണ് തെലുങ്കാനയുടെയും ക്ഷണം. കഴിഞ്ഞ ദിവസം തമിഴ്‌നാട് സര്‍ക്കാരും കിറ്റെക്‌സിനെ ക്ഷണിച്ചിരുന്നു.

കിറ്റെക്‌സ് വ്യവസായ സ്ഥാപനങ്ങളില്‍ മിന്നല്‍ പരിശോധന വേണ്ടെന്ന നിലപാടിലാണ് സര്‍ക്കാര്‍. എറണാകുളം ജില്ലാ വ്യവസായ വകുപ്പ് ജനറല്‍ മാനേജറുടെ നേതൃത്വത്തില്‍ എംഡി സാബു എം ജേക്കബുമായി ഉദ്യോഗസ്ഥര്‍ രണ്ട് മണിക്കൂറോളം ചര്‍ച്ച നടത്തി. പരാതികള്‍ കേട്ട ഉദ്യോഗസ്ഥര്‍ വ്യവസായ വകുപ്പ് ഡയറക്ടര്‍ക്ക് ഉടന്‍ റിപ്പോര്‍ട്ട് നല്‍കും. സ്വകാര്യ സ്ഥാപനങ്ങളില്‍ തെറ്റായ രീതിയില്‍ സര്‍ക്കാര്‍ ഇടപെടലുണ്ടാകില്ലെന്ന് മന്ത്രി പി രാജീവും വ്യക്തമാക്കിയിരുന്നു.

Top