ധൃതരാഷ്ട്രാലിംഗനം എന്താണെന്നത് തെലങ്കാന മുഖ്യന് ഇപ്പോള്‍ മനസ്സിലായി

ബി.ജെ.പിയുടെ ആലിംഗനം ധൃതരാഷ്ട്രാലിംഗനമാണെന്ന് ഏറെ വൈകിയാണിപ്പോള്‍ തെലുങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവു തിരിച്ചറിഞ്ഞിരിക്കുന്നത്. നിര്‍ണ്ണായകമായ എല്ലാ ഘട്ടങ്ങളിലും രാജ്യസഭയില്‍ ബില്ലുകള്‍ പാസാക്കാന്‍ ചന്ദ്രശേഖറ റാവുവിന്റെ ടി.ആര്‍.എസ് ആണ് ബി.ജെ.പിയെ സഹായിച്ചിരുന്നത്. എന്നാല്‍ ആ ബി.ജെ.പി തന്നെ ഇപ്പോള്‍ സ്വന്തം തട്ടകത്തില്‍ ചന്ദ്രശേഖര റാവുവിനും അദ്ദേഹത്തിന്റെ പാര്‍ട്ടിക്കും വില്ലനായിരിക്കുകയാണ്. കോണ്‍ഗ്രസ്സ് നേതാക്കളെ കാവി വല്‍ക്കരിച്ച് ബി.ജെ.പി നടത്തിയ നീക്കങ്ങള്‍ ഫലം കണ്ട് തുടങ്ങിയതായാണ് തെലങ്കാനയില്‍ നിന്നും ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. നിയമസഭ ഉപതിരഞ്ഞെടുപ്പില്‍ ടി.ആര്‍.എസിന്റെ സിറ്റിങ് സീറ്റായ ദുബ്ബക്കയില്‍ അട്ടിമറി വിജയം നേടിയ ബി.ജെ.പി തദ്ദേശ തിരഞ്ഞെടുപ്പിലും അട്ടിമറി വിജയം തന്നെയാണ് ലക്ഷ്യമിട്ടിരിക്കുന്നത്.

ഇതിനായി, ബി.ജെ.പി കേന്ദ്ര നേതൃത്വം പ്രചരണത്തിനായി രംഗത്തിറക്കിയിരിക്കുന്നത് യുവമോര്‍ച്ച ദേശീയ അദ്ധ്യക്ഷന്‍ തേജസ്വി സൂര്യയെയാണ്. ബാംഗ്ലൂര്‍ സൗത്ത് എം.പി കൂടിയായ ഈ യുവ നേതാവില്‍ മോദിയുടെ പിന്‍ഗാമിയെ കാണുന്നവരാണ് ആര്‍.എസ്.എസ് നേതൃത്വം. ടി.ആര്‍.എസിന്റെ വോട്ട് ബാങ്കായ ഭൂരിപക്ഷ വോട്ട് ബാങ്കില്‍ വിള്ളലുണ്ടാക്കിയാണ് ബി.ജെ.പി തെലുങ്ക് മണ്ണില്‍ കാലുറപ്പിക്കാന്‍ ശ്രമിക്കുന്നത്. ഇതിനായി തീവ്ര ഹിന്ദുത്വ കാര്‍ഡാണ് കാവിപ്പട പുറത്തെടുത്തിരിക്കുന്നത്. എ.ഐ.എം.ഐ.എം നേതാവും ഹൈദരാബാദ് എം.പിയുമായ അസദുദ്ദീന്‍ ഉവൈസിയെ പാകിസ്താന്‍ രാഷ്ട്രപിതാവ് മുഹമ്മദലി ജിന്നയോട ഉപമിച്ച തേജസ്വി സൂര്യയുടെ പ്രസ്താവന തന്നെ ബോധപൂര്‍വ്വമാണ്. തദ്ദേശ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെയാണ് ഉവൈസിക്കെതിരായി ബാംഗ്ലൂര്‍ സൗത്ത് എം.പി വിവാദ പരാമര്‍ശം നടത്തിയിരിക്കുന്നത്.

ജിന്നയുടെ അവതാരമായ ഉവൈസിക്ക് നല്‍കുന്ന ഓരോ വോട്ടും ഇന്ത്യക്കെതിരാണെന്നാണ് തേജസ്വി സൂര്യ പറഞ്ഞിരിക്കുന്നത്. ബി.ജെ.പിയുടെ ബി ടീമായാണ് ഉവൈസി പ്രവര്‍ത്തിക്കുന്നതെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ ഈ പ്രസ്താവനക്ക് മാനങ്ങള്‍ ഏറെയാണ്. ഉവൈസിയെ കടന്നാക്രമിക്കുന്നതിലൂടെ ടി.ആര്‍.എസിന്റെ വോട്ട് ബാങ്കിലെ ഒരു വിഹിതം ചോര്‍ത്താന്‍ കഴിയുമെന്നാണ് ബി.ജെ.പി പ്രതീക്ഷിക്കുന്നത്. ഉവൈസിയും സഹോദരന്‍ അക്ബറുദ്ദീന്‍ ഉവൈസിയും വര്‍ഗീയതയുടെയും ഭിന്നിപ്പിന്റെയും രാഷ്ട്രീയമാണ് കളിക്കുന്നതെന്നും,അവര്‍ ഹൈദരാബാദില്‍ വികസനമല്ല, മറിച്ച് രോഹിംഗ്യകളെയാണ് കൊണ്ടുവരുന്നതെന്നും തേജസ്വി സൂര്യ ആരോപിച്ചിട്ടുണ്ട്.’നിങ്ങള്‍ ഉവൈസിക്ക് ഇവിടെ വോട്ട് ചെയ്താല്‍ അയാള്‍ ഉത്തര്‍പ്രദേശിലും ബിഹാറിലും മഹാരാഷ്ട്രയിലും കര്‍ണാടകയിലെ മുസ്‌ലിം ഭൂരിപക്ഷ മേഖലകളിലും ശക്തനായി മാറുമെന്നും യുവമോര്‍ച്ച അദ്ധ്യക്ഷന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ആരാണ് ഉവൈസി എന്ന് ചോദിച്ച തേജ്വസി അയാളെ തോല്‍പിക്കണമെന്നും ആഹ്വാനം ചെയ്തിട്ടുണ്ട്. ‘ബി.ജെ.പിക്ക് നിങ്ങള്‍ നല്‍കുന്ന ഓരോ വോട്ടും ഭാരതത്തിനും ഹിന്ദുത്വത്തിനും വേണ്ടിയുള്ളതാണ്. അത് നമ്മുടെ രാജ്യത്തെ ശക്തമാക്കും. എന്നാല്‍ ഉവൈസിക്കുള്ള വോട്ട് ഇന്ത്യക്കെതിരെയുള്ള വോട്ടാണെന്നും തേജസ്വി സൂര്യ തുറന്നടിച്ചു. വിഘടനവാദത്തിന്റെയും തീവ്രവാദ രാഷ്ട്രീയത്തിന്റെയും ഭാഷയാണ് ഉവൈസി സംസാരിക്കുന്നത്. ഓരോ ഇന്ത്യക്കാരനും ഉവൈസി സഹോദരന്മാരുടെ ഭിന്നിപ്പിന്റെ രാഷ്ട്രീയത്തിനെതിരെ നിലകൊള്ളണമെന്നും തേജസ്വി ആവശ്യപ്പെട്ടിട്ടുണ്ട്.

വലിയ വിവാദമാണ് യുവമോര്‍ച്ച അദ്ധ്യക്ഷന്റെ ഈ പ്രസ്താവന തെലങ്കാന മണ്ണില്‍ ഉണ്ടാക്കിയിരിക്കുന്നത്. രാഷ്ട്രീയം പറയാതെ വര്‍ഗീയത പറഞ്ഞാണ് ബി.ജെ.പി വോട്ട് പിടിക്കുന്നതെന്നാണ് ഭരണപക്ഷം ആരോപിക്കുന്നത്. ബി.ജെ.പിയെ കേന്ദ്രത്തില്‍ പിന്തുണച്ചത് അബദ്ധമായെന്ന അഭിപ്രായം ടി.ആര്‍.എസ് നേതൃത്വത്തിലും ഇപ്പോള്‍ ശക്തമാണ്. തെലങ്കാന സംസ്ഥാനം രൂപം കൊണ്ടത് മുതല്‍ സംസ്ഥാനം ഭരിക്കുന്നത് ടി.ആര്‍.എസ് ആണ്. മുഖ്യമന്ത്രി ചന്ദ്രശേഖര റാവു പാര്‍ട്ടിയില്‍ ചോദ്യം ചെയ്യപ്പെടാത്ത അധികാര കേന്ദ്രവുമാണ്.

എന്നാല്‍, ടി.ആര്‍.എസിന്റെ സിറ്റിംഗ് സീറ്റായ ദുബ്ബക്കയില്‍ ബി.ജെ.പി വിജയിച്ചതോടെ പാര്‍ട്ടിയിലും ചന്ദ്രശേഖറ റാവുവിന്റെ ഇമേജ് ഇടിഞ്ഞിട്ടുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പില്‍ കൂടി തിരിച്ചടി നേരിട്ടാല്‍ മുഖ്യമന്ത്രി ശരിക്കും പ്രതിരോധത്തിലാകും. 2023ലെ നിയമസഭ തിരഞ്ഞെടുപ്പിനെയും അത് ശരിക്കും ബാധിക്കും. ബി.ജെ.പിയെ സംബന്ധിച്ച് കര്‍ണ്ണാടകക്ക് പുറമെ ദക്ഷിണേന്ത്യയില്‍ പ്രതീക്ഷയോടെ കാണുന്ന സംസ്ഥാനമാണിപ്പോള്‍ തെലങ്കാന. ദേശീയ നേതൃത്വം കേരളത്തേക്കാള്‍ പ്രാധാന്യം നല്‍കുന്നതും തെലങ്കാനയിലാണ്.

Top