തമിഴിലെ ഹിറ്റ്‌മേക്കര്‍ ബാല സംവിധാനം ചെയ്യുന്ന വണങ്കാന്‍ ചിത്രത്തിന്റെ ടീസര്‍ പുറത്ത്. സൂര്യയെ നായകനായി പ്രഖ്യാപിച്ച് ഷൂട്ടിങ് തുടങ്ങുകയും പിന്നീട് അദ്ദേഹം പിന്മാറുകയും ചെയ്ത ചിത്രം എന്ന നിലയില്‍ വാര്‍ത്തകളില്‍ ഇടംപിടിച്ച ചിത്രമാണ് വണങ്കാന്‍.
സൂര്യക്ക് പകരം അരുണ്‍ വിജയ് ആണ് പുതിയ നായകന്‍. ഇതാദ്യമായാണ് സംവിധായകന്‍ ബാല- അരുണ്‍ വിജയ് ടീം ഒന്നിക്കുന്നത്. സംഭാഷണങ്ങളില്ലാതെ പശ്ചാത്തലസംഗീതത്തിന്റെ മാത്രം അകമ്പടിയിലാണ് ടീസറെത്തിയത്. ആക്ഷന്‍ പശ്ചാത്തലത്തിലാണ് ചിത്രം എന്നത് മാത്രമാണ് ടീസര്‍ നല്‍കുന്ന സൂചന. റോഷ്‌നി പ്രകാശ്, സമുദ്രക്കനി, മിഷ്‌കിന്‍, റിദ്ധ, ഛായാ ദേവി, ബാല ശിവജി, ഷണ്മുഖരാജന്‍, യോഹാന്‍ ചാക്കോ തുടങ്ങിയവരാണ് മറ്റുപ്രധാനവേഷങ്ങളില്‍. ബാലതന്നെയാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്.
ജി.വി. പ്രകാശാണ് സംഗീതസംവിധാനം. ആര്‍.ബി. ഗുരുദേവ് ഛായാഗ്രഹണവും സതീഷ് സൂര്യ എഡിറ്റിങ്ങും സില്‍വ സംഘട്ടനസംവിധാനവും നിര്‍വഹിക്കുന്നു. ആര്‍.കെ. നാഗുവാണ് കലാസംവിധായകന്‍. നേരത്തേ ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഒരു കയ്യില്‍ പെരിയോറുടെ ശില്പവും മറുകയ്യില്‍ ഗണപതി വിഗ്രഹവും ഏന്തിനില്‍ക്കുന്ന നായകനായിരുന്നു പോസ്റ്ററില്‍. ഈ രംഗം ടീസറിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
വണങ്കാനില്‍ നിന്ന് സൂര്യ പിന്മാറുന്നുവെന്ന കാര്യം സംവിധായകന്‍ ബാല തന്നെയാണ് ഒരു കുറിപ്പിലൂടെ പ്രേക്ഷകരെ അറിയിച്ചത്. താനും സൂര്യയും ആലോചിച്ചെടുത്ത തീരുമാനമാണിതെന്നുമാണ് ബാല ഇതേക്കുറിച്ച് പറഞ്ഞത്. കഥയിലെ ചില മാറ്റങ്ങള്‍ കാരണം ഈ കഥ സൂര്യയ്ക്ക് ചേരുമോ എന്ന സംശയം വന്നിരുന്നു. എങ്കിലും ഈ കഥയിലും സൂര്യയ്ക്ക് പൂര്‍ണവിശ്വാസമുണ്ട്. ഇത്രയധികം സ്നേഹവും ബഹുമാനവും വിശ്വാസവും ഉള്ള തന്റെ അനുജന് ഒരു ചെറിയ ബുദ്ധിമുട്ടുപോലും ഉണ്ടാക്കരുത് എന്നത് ഒരു സഹോദരന്‍ എന്ന നിലയില്‍ സ്വന്തം കടമ കൂടിയാണ്. ‘നന്ദ’യിലും പിതാമകനിലും താന്‍ കണ്ട സൂര്യയെപോലെ തീര്‍ച്ചയായും മറ്റൊരു ചിത്രവുമായി വീണ്ടും വരുമെന്നും ബാല പറഞ്ഞിരുന്നു. നടി മമിതാ ബൈജുവും ചിത്രത്തിന്റെ ഭാഗമായിരുന്നുവെങ്കിലും പിന്നീട് പിന്‍മാറുകയായിരുന്നു. 2020-ല്‍ പുറത്തിറങ്ങിയ വര്‍മയായിരുന്നു ബാലയുടെ സംവിധാനത്തില്‍ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. തെലുങ്കിലെ സൂപ്പര്‍ ഹിറ്റ് ചിത്രം അര്‍ജുന്‍ റെഡ്ഡിയുടെ റീമേക്ക് ആയിരുന്നു വര്‍മ.