മമ്മൂട്ടി ചിത്രം ‘ക്രിസ്റ്റഫര്‍’ന്റെ ടീസർ പുതുവത്സര ദിനത്തിൽ എത്തും

ബി ഉണ്ണികൃഷ്ണന്റെ സംവിധാനത്തില്‍ എത്തുന്ന മമ്മൂട്ടി ചിത്രമാണ് ക്രിസ്റ്റഫര്‍. പുതുവര്‍ഷത്തില്‍ മമ്മൂട്ടിയുടെ പ്രധാന റിലീസുകളില്‍ ഒന്നാണ് ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രം. ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് ഉദയകൃഷ്ണയാണ്. ഇപ്പോഴിതാ ചിത്രത്തെ സംബന്ധിച്ച് ഒരു പ്രധാന അപ്ഡേറ്റുമായി എത്തിയിരിക്കുകയാണ് മമ്മൂട്ടി ഉള്‍പ്പെടെയുള്ള അണിയറക്കാര്‍. ആരാധകര്‍ക്കുള്ള പുതുവത്സര സമ്മാനമായി ചിത്രത്തിന്റെ ഒഫിഷ്യല്‍ ടീസര്‍ ജനുവരി 1 ന് വൈകിട്ട് ആറിന് എത്തും എന്നതാണ് അത്.

ചിത്രത്തിന്റെ ബാനര്‍ ആയ ആര്‍ ഡി ഇല്യൂമിനേഷന്‍സിന്റെ യുട്യൂബ് ചാനലിലൂടെയാവും ടീസര്‍ എത്തുക. ബയോഗ്രഫി ഓഫ് എ വിജിലന്റ് കോപ്പ് എന്നാണ് ചിത്രത്തിന്റെ ടാ​ഗ് ലൈന്‍. അമല പോളിനെ കൂടാതെ സ്നേഹ, ഐശ്വര്യ ലക്ഷ്മി എന്നിങ്ങനെ മൂന്ന് നായികമാരാണ് ചിത്രത്തിലുള്ളത്. തെന്നിന്ത്യൻ താരം വിനയ് റായിയും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ദിലീഷ് പോത്തൻ, സിദ്ദിഖ്, ജിനു എബ്രഹാം, വിനീതകോശി, വാസന്തി തുടങ്ങിയവരോടൊപ്പം മുപ്പത്തിയഞ്ചോളം പുതുമുഖങ്ങളും ചിത്രത്തിൽ വേഷമിടുന്നു. പൊലീസ് ഉദ്യോഗസ്ഥനായാണ് മമ്മൂട്ടി ചിത്രത്തിൽ എത്തുന്നത്.

ഓപ്പറേഷൻ ജാവ ഒരുക്കിയ ഫൈസ് സിദ്ദിഖ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. സംഗീതം ജസ്റ്റിൻ വർഗീസ്, എഡിറ്റിംഗ് മനോജ്, പ്രൊഡക്ഷൻ കൺട്രോളർ അരോമ മോഹൻ, കലാസംവിധാനം ഷാജി നടുവിൽ, വസ്ത്രാലങ്കാരം പ്രവീൺ വർമ്മ, ചമയം ജിതേഷ് പൊയ്യ, ആക്ഷൻ കൊറിയോഗ്രഫി സുപ്രീം സുന്ദർ, ചീഫ് അസോസിയേറ്റ് സുജിത്ത് സുരേഷ്, സൗണ്ട് മിക്സിങ് രാജകൃഷ്ണൻ എം ആർ, സൗണ്ട് ഡിസൈൻ നിധിൻ ലൂക്കോസ്, കളറിസ്റ്റ് ഷൺമുഖ പാഡ്യൻ, ഡി ഐ മോക്ഷ പോസ്റ്റ്, പിആർഒ പി ശിവപ്രസാദ്, നിയാസ് നൗഷാദ്, മാർക്കറ്റിംഗ് ഒബ്സ്ക്യൂറ എന്റർടൈൻമെൻസ്, സ്റ്റിൽസ് നവീൻ മുരളി, ഡിസൈൻ കോളിൻസ് ലിയോഫിൽ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

Top