കാര്‍ത്തിയുടെ 25-ാമത് ചിത്രം ‘ജപ്പാന്റെ’ ടീസര്‍ പുറത്തിറങ്ങി

രാജു മുരുകന്‍ രചനയും സംവിധാനവും നിര്‍വഹിച്ച് കാര്‍ത്തി നായകനാവുന്ന ജപ്പാന്റെ ട്രയ്‌ലര്‍ പുറത്ത് വന്നു. കാര്‍ത്തിയുടെ 25-മത്തെ സിനിമയായ ജപ്പാന്റെ ടീസര്‍ നിര്‍മ്മാതാക്കളായ ഡ്രീം വാരിയര്‍ പിക്‌ചേഴ്‌സ് ആണ് പുറത്ത് വിട്ടത്. ആരാണ് ജപ്പാന്‍ എന്ന ചോദ്യവുമായി നിഗൂഢതകള്‍ ഒളിപ്പിച്ച് എത്തിയ ടീസര്‍ ഇതിനോടകം തന്നെ യൂ ട്യൂബില്‍ രണ്ടര മില്യണ്‍ കാഴ്ചക്കാരെ സ്വന്തമാക്കി. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭ്ഷകളിലാണ് ചിത്രം റിലീസാവുന്നത്. അനു ഇമ്മാനുവലാണ് ചിത്രത്തിലെ നായികയായ് എത്തുന്നത്.

‘ജപ്പാന്‍- ദൈവത്തിന്റെ അതിശയ സൃഷ്ടികളില്‍ അവനൊരു ഹീറോയാണ്. എന്നാല്‍ നിയമത്തിന് മുന്നില്‍ കുറ്റവാളിയും… നാലു സംസ്ഥാനങ്ങളിലെ പോലീസും അന്വേഷിക്കുന്ന പെരും കള്ളന്‍… തനിക്കു നേരെ എത്ര വെടിയുണ്ടകള്‍ ഉതിര്‍ത്താലും തന്നെ കീഴ്‌പ്പെടുത്താന്‍ ആവില്ല എന്ന് വെല്ലുവിളിക്കുന്ന ജപ്പാന്‍’. നിയമപാലകരും ജപ്പാനും തമ്മിലുള്ള സംഘര്‍ഷഭരിതമായ കടുത്ത പോരാട്ടത്തിലൂടെയാണ് സിനിമയുടെ കഥ മുന്നേറുന്നത് എന്നാണ് ടീസര്‍ നല്‍കുന്ന സൂചനകള്‍.

ഡ്രീം വാരിയര്‍ പിക്ചര്‍സിന്റെ ബാനറില്‍ എസ്.ആര്‍.പ്രകാശ് ബാബു , എസ്.ആര്‍.പ്രഭു എന്നിവര്‍ നിര്‍മ്മിക്കുന്ന ആറാമത്തെ കാര്‍ത്തി ചിത്രമാണ് ‘ ജപ്പാന്‍ ‘. തെലുങ്കില്‍ ഹാസ്യ നടനായി രംഗ പ്രവേശം നടത്തി നായകനായും വില്ലനായും കീര്‍ത്തി നേടിയ നടന്‍ സുനില്‍ ഈ സിനിമയില്‍ മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഛായഗ്രാഹകന്‍ വിജയ് മില്‍ട്ടനും മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

പൊന്നിയിന്‍ സെല്‍വനിലൂടെ ലോക ശ്രദ്ധ പിടിച്ചു പറ്റിയ രവി വര്‍മ്മനാണ് ഛായഗ്രാഹകന്‍. ജീ. വി. പ്രകാശ് കുമാറാണ് സംഗീത സംവിധായകന്‍. അനല്‍ അരസ് ഒരുക്കുന്ന ആക്ഷന്‍ രംഗങ്ങള്‍ ചിത്രത്തിന്റെ ഹൈ ലൈറ്റ് ആണ്. സംവിധായകന്‍ രാജു മുരുകന്‍ – കാര്‍ത്തി – ഡ്രീം വാരിയര്‍ പിക്‌ചേഴ്‌സ് കൂട്ടുകെട്ടില്‍ നിന്നും വരുന്ന സിനിമയാണ് ‘ ജപ്പാന്‍ ‘ എന്നതു കൊണ്ടു തന്നെ ആരാധകരിലും സിനിമാ വൃത്തങ്ങളിലും ചിത്രം ഏറെ പ്രതീക്ഷ നല്‍കുന്നു. വ്യത്യസ്തമായ രൂപഭാവത്തിലുള്ള നായക കഥാപാത്രത്തെയാണ് കാര്‍ത്തി അവതരിപ്പിക്കുന്നത്. തമിഴ്‌നാട്, കേരളം ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളിലായിട്ടാണ് ‘ ജപ്പാന്‍ ‘ ചിത്രീകരിച്ചിരിക്കുന്നത്. ‘ജപ്പാന്‍’ ദീപാവലി റിലീസായി തിയേറ്ററുകളിലെത്തും.

Top