ദുല്‍ഖറിന്റെ മൂന്നാമത്തെ ഹിന്ദി ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി

ദുല്‍ഖര്‍ സല്‍മാന്റെ മൂന്നാമത്തെ ഹിന്ദി ചിത്രം ഛുപ്: റിവെഞ്ച് ഓഫ് ദ് ആര്‍ട്ടിസ്റ്റിന്റെ ടീസര്‍ പുറത്തിറങ്ങി. ആര്‍ ബല്‍കിയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും. ചിത്രത്തിൽ സണ്ണി ഡിയോളും ഒരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നുണ്ട്. ശ്വേത ധന്വന്തരി, പൂജ ബട്ട് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായെത്തും.

ചീനി കം, പാ, ഷമിതാഭ്, കി ആന്‍ഡ് ക, പാഡ് മാന്‍ എന്നീ സിനിമകളിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് ആര്‍ ബല്‍കി. സൈക്കോളജിക്കല്‍ ത്രില്ലര്‍ വിഭാഗത്തില്‍ വരുന്ന ചിത്രമാണിത്. ഒരു ത്രില്ലര്‍ ചിത്രം ബല്‍കി ആദ്യമായാണ് സംവിധാനം ചെയ്യുന്നത്.

പ്രമുഖ ബോളിവുഡ് സംവിധായകനും നടനുമൊക്കെയായിരുന്ന ഗുരു ദത്തിനുള്ള ആദരമായിരിക്കും ചിത്രമെന്ന് സംവിധായകന്‍ നേരത്തെ പറഞ്ഞിരുന്നു. ഗുരു ദത്തിന്റെ ജന്മ വാര്‍ഷിക ദിനത്തിലാണ് ചിത്രത്തിന്‍റെ ടീസര്‍ പുറത്തുവിട്ടിരിക്കുന്നത്. ചരമ വാര്‍ഷികത്തിലായിരുന്നു ചിത്രത്തിന്‍റെ ടൈറ്റില്‍ പ്രഖ്യാപിച്ചത്.

വിശാല്‍ സിന്‍ഹ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന് സംഗീതം പകരുന്നത് അമിത് ത്രിവേദിയാണ്. എഡിറ്റിംഗ് നയന്‍ എച്ച് കെ ഭദ്ര. സംവിധായകനൊപ്പം രാജ സെന്‍, റിഷി വിര്‍മാനി എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ, സംഭാഷണം ഒരുക്കിയിരിക്കുന്നത്.

പ്രൊഡക്ഷന്‍ ഡിസൈനര്‍ സന്ദീപ് ഷറദ് റവാഡെ, സൌണ്ട് ഡിസൈനിംഗ് ദേബഷിഷ് മിശ്ര, വരികള്‍ സ്വാനന്ദ് കിര്‍കിറെ, വസ്ത്രാലങ്കാരം അയ്ഷ മര്‍ച്ചന്‍റ്, സംഘട്ടനം വിക്രം ദഹിയ. ഗൌരി ഷിന്‍ഡെ, ആര്‍ ബല്‍കി, രാകേഷ് ജുന്‍ജുന്‍വാല എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം.

Top