ആർത്തവമുള്ളവർ വൃക്ഷത്തൈ നട്ടാൽ ഉണങ്ങിപോകുമെന്ന് അധ്യാപകൻ; പരാതിയുമായി വിദ്യാർത്ഥിനികൾ

sanitary napkins

മുംബൈ: ആർത്തവമുള്ള വിദ്യാര്‍ത്ഥിനികള്‍ വൃക്ഷത്തൈ നടുന്നത് അധ്യാപകൻ വിലക്കിയതായി ആരോപണം. സ്ക്കൂളിലെ വിദ്യാർത്ഥിനികളാണ് അധ്യാപകനെതിരെ പരാതിയുമായി എത്തിയത്. മഹാരാഷ്ട്രയിലെ നാസിക്കിലെ സർക്കാർ സ്കൂളിലാണ് സംഭവം.

സ്കൂളിൽ വൃക്ഷത്തൈ നടീൽ പരിപാടി നടക്കുന്നതിനിടെയാണ് അധ്യാപകൻ ആർത്തവമുള്ള വിദ്യാർത്ഥിനികളെ വിലക്കിയത്. പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ് പരാതി നല്‍കിയത്. പരാതിയിൻമേൽ അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു. ആർത്തവമുള്ള പെൺകുട്ടികൾ വൃക്ഷത്തൈ നട്ടാൽ അത് വളരില്ലെന്നും ഉണങ്ങിപ്പോകുമെന്നുമാണ് അധ്യാപകൻ തന്നോടും മറ്റ് വിദ്യാർത്ഥിനികളോടും പറഞ്ഞതെന്ന് പെൺകുട്ടി വെളിപ്പെടുത്തി.

പരാതി നൽകിയ പെൺകുട്ടിയുടെയും മറ്റ് വിദ്യാർത്ഥിനികളുടെയും മൊഴി രേഖപ്പെടുത്തും. കൂടാതെ സ്കൂളിലെ അധ്യാപകർ, സൂപ്രണ്ട്, പ്രിൻസിപ്പൽ എന്നിവരുടെയും മൊഴി രേഖപ്പെടുത്തുമെന്ന് ആദിവാസി ക്ഷേമ വകുപ്പ് കമ്മീഷണർ സന്ദീപ് ​ഗോലത് പറഞ്ഞു. ജില്ലാ അഡീഷണൽ കളക്ടർ സ്കൂളിലെത്തി പെൺകുട്ടിയോട് വിവരങ്ങൾ ചോദിച്ചറിഞ്ഞു. 500 പെൺകുട്ടികൾ ഈ സ്കൂളിൽ പഠിക്കുന്നുണ്ട്. പെൺകുട്ടികൾ മാത്രം പഠിക്കുന്ന ഈ സ്കൂൾ ദേവ്​ഗോണിലാണ്.

Top