വിദ്യാർഥിയെ മറ്റു വിദ്യാർഥികളെ കൊണ്ട് തല്ലിച്ച സംഭവം വർഗീയവത്കരിക്കുകയാണെന്ന് അധ്യാപിക

ന്യൂഡൽഹി : ഉത്തർപ്രദേശിലെ മുസാഫിർ നഗറിൽ മുസ്‍ലിം വിദ്യാർഥിയെ മറ്റു വിദ്യാർഥികളെ കൊണ്ട് അധ്യാപിക തല്ലിച്ച സംഭവം വർഗീയവത്‌കരിക്കുകയാണെന്ന് ആരോപിച്ച് അധ്യാപിക രംഗത്തെത്തി. നിസാര സംഭവമാണ് വലിയതോതിൽ പ്രചരിപ്പിക്കുന്നതെന്നും അധ്യാപിക തൃപ്ത ത്യാഗി കുറ്റപ്പെടുത്തി. അധ്യാപികയുടെ നിർദേശത്തെ തുടർന്ന് വിദ്യാർഥികൾ സഹപാഠിയെ തല്ലുന്ന ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെയാണ് കുറ്റം നിഷേധിച്ചും സംഭവം വിശദീകരിച്ചും അധ്യാപിക രംഗത്തെത്തിയത്. വർഗീയപരമായ പെരുമാറ്റമാണെന്നുള്ള ആരോപണം തൃപ്ത ത്യാഗി നിഷേധിച്ചു.

‘‘ഗൃഹപാഠം ചെയ്തു കൊണ്ടുവരാത്തതിനാലാണ് ചില വിദ്യാർഥികളോട് കുട്ടിയെ തല്ലാൻ ആവശ്യപ്പെട്ടത്. തനിക്ക് അംഗവൈകല്യമുള്ളതിനാലാണിത്. വിദ്യാർഥിയോട് വിട്ടുവീഴ്ചയില്ലാത്ത പെരുമാറ്റം വേണമെന്ന് മാതാപിതാക്കൾ ആവശ്യപ്പെട്ടിരുന്നു. അതിനാലാണ് കർശനമായത്. മറ്റു വിദ്യാർഥികളുടെ തല്ലുകൊണ്ടിട്ടെങ്കിലും അവൻ ഗൃഹപാഠം ചെയ്യാൻ തുടങ്ങുമെന്ന് കരുതിയത്. എഡിറ്റു ചെയ്ത ദൃശ്യങ്ങളാണ് വർഗീയതയ്‌ക്കായി പ്രചരിപ്പിക്കുന്നത്. ക്ലാസിലുണ്ടായിരുന്ന കുട്ടിയുടെ ബന്ധുവായ വിദ്യാർഥി പകർത്തിയ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. എന്റെ ഉദ്ദേശ്യം ഇതായിരുന്നില്ല. എനിക്ക് എല്ലാ വിദ്യാർഥികളും എന്റെ മക്കളെപോലെയാണ്. എന്റെ തെറ്റ് ഞാൻ സമ്മതിക്കുന്നു. എന്നാലിത് മറ്റുരീതിയിൽ പ്രചരിപ്പിക്കുകയാണ്’’– തൃപ്ത ത്യാഗി പറഞ്ഞു.

ഇത് നിസാര സംഭവമാണെന്നാണ് തനിക്ക് രാഷ്ട്രീയക്കാരോട് പറയാനുള്ളതെന്നും തൃപ്ത പറഞ്ഞു. രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കളാണ് സംഭവത്തിനെതിരെ രംഗത്തെത്തിയത്. ഇങ്ങനെയുള്ള ചെറിയ സംഭവങ്ങൾ പ്രചരിപ്പിച്ചാൽ അധ്യാപകർ എങ്ങനെ വിദ്യാർഥികളെ പഠിപ്പിക്കുമെന്നും തൃപ്ത ചോദിച്ചു.

ഈ സംഭവവുമായി ബന്ധപ്പെട്ട് അധ്യാപികയ്‌ക്കെതിരയുള്ള പരാതിയിൽ പൊലീസ് കേസ് റജിസ്റ്റർ ചെയ്തു. കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയിലാണ് കേസ്. ‘‘കുട്ടിയെ രണ്ടു മണിക്കൂറോളം അധ്യാപിക ഉപദ്രവിച്ചു. കുട്ടി പേടിച്ചിരിക്കുകയാണ്. ഇനി സ്കൂളിലേക്ക് വിടേണ്ടെന്നാണ് തീരുമാനം’’– കുട്ടിയുടെ പിതാവ് പ്രതികരിച്ചു.

കഴിഞ്ഞ ദിവസം മുസാഫർനഗറിലെ ഖുബ്ബാപുർ ഗ്രാമത്തിലെ നേഹ പബ്ലിക് സ്‌കൂളിലായിരുന്നു സംഭവം. വിദ്യാർഥിയെ മറ്റു കുട്ടികൾ മുഖത്തടിച്ചിട്ടുപോകുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. അടിയേറ്റ കുട്ടി കരയുന്നതും അതിനിടെ അധ്യാപിക ‘കൂടുതൽ നല്ല അടി’ കൊടുക്കാനും അരയിൽ അടിക്കാനും ആവശ്യപ്പെടുന്നതും ദൃശ്യത്തിലുണ്ട്. കുട്ടിയെ മർദിക്കാൻ നിർദേശിക്കുന്ന ദൃശ്യം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ അധ്യാപികയ്‌ക്കെതിരെ നടപടിയെടുക്കാൻ വിദ്യാഭ്യാസ വകുപ്പിന് പൊലീസ് നിർദേശം നൽകി. അധ്യാപികയ്‌ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് വിവിധ കോണുകളിൽ നിന്ന് ആവശ്യം ഉയർന്നിരുന്നു. വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായാണ് പ്രചരിക്കുന്നത്. നിരവധി രാഷ്ട്രീയ നേതാക്കളും സംഭവത്തിനെതിരെ രംഗത്തെത്തിയിരുന്നു.

Top