ഫീസ് നൽകാത്തതിന് അധ്യാപകൻ മർദ്ദിച്ചു; യുപിയിൽ ദളിത് വിദ്യാർത്ഥി മരിച്ചു

ലഖ്‌നൗ: ഉത്തർപ്രദേശിലും അധ്യാപകന്‍റെ മർദ്ദനത്തെ തുടർന്ന് ദളിത് വിദ്യാർത്ഥി മരിച്ചതായി പരാതി. ഉത്തർപ്രദേശിലെ ബാറയ്ചിൽ പതിമൂന്ന് വയസുകാരനെ ഫീസ് നൽകാത്തതിന്‍റെ പേരിൽ അധ്യാപകൻ മർദ്ദിച്ചുവെന്നാണ് പരാതി. ചികിത്സയിൽ കഴിഞ്ഞിരുന്ന കുട്ടി ബുധനാഴ്ചയാണ് മരിച്ചത്.

സംഭവത്തില്‍ മേല്ജാതിക്കാരനായ അധ്യാപകൻ അനുപം പതകിനെ പൊലീസ് അറസ്റ്റ് ചെയ്തു. രാജസ്ഥാനിലെ ജെലൂരിൽ അധ്യാപകന്‍റെ മർദ്ദനത്തെ തുടർന്ന് വിദ്യാർത്ഥി മരിച്ചത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.

രാജസ്ഥാനിലെ ജലോർ ജില്ലയിലെ സുരാനാ ഗ്രാമത്തിലാണ് കഴിഞ്ഞ ദിവസം ജാതിക്കൊല നടന്നത്. രസ്വതി വിദ്യാമന്ദിറിൽ പഠിക്കുന്ന ഇന്ദ്ര മേഘ്‌വാള്‍ എന്ന ഒമ്പത് വയസ്സുകാരനാണ് കൊല്ലപ്പെട്ടത്. മേൽജാതിക്കാരായ അധ്യാപകർക്കെന്ന് പറഞ്ഞ് മാറ്റി വെച്ച വെള്ളം ദളിത് വിദ്യാർത്ഥി എടുത്ത് കുടിച്ചതിന്‍റെ പേരിലായിരുന്നു ക്രൂര മർദ്ദനം.

ചികിത്സയിൽ കഴിയുന്നതിനിടെയാണ് കുട്ടി മരിച്ചത്. എന്നാല്‍, സംഭവം ജാതി വിവേചനമല്ലെന്നാണ് പൊലീസ് വാദക്കുന്നത്. അന്വേഷണത്തില്‍ ജാതി വിവേചനമാണെന്ന് തെളിയിക്കുന്ന ഒന്നും കണ്ടെത്തിയിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍, സ്കൂളിന്‍റെ ഉടമ കൂടിയായ പ്രതി സാക്ഷികളെ സ്വാധീനിക്കുകയാണെന്ന് കുട്ടിയുടെ ബന്ധുക്കള്‍ ആരോപിച്ചു.

Top