സ്‌കൂള്‍ വാഹനങ്ങളുടെ നികുതി രണ്ടുവര്‍ഷത്തേക്ക് ഒഴിവാക്കും, 650 കെഎസ്ആര്‍ടിസി ബസുകളും ഇറക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂള്‍ വാഹനങ്ങളുടെ നികുതി അടയ്ക്കുന്നത് രണ്ടുവര്‍ഷത്തേക്ക് ഒഴിവാക്കും. ഇതുസംബന്ധിച്ച് ഉത്തരവ് രണ്ട് ദിവസത്തിനകം ഇറങ്ങുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. കൊവിഡിന്റെ പശ്ചാത്തലത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വാഹനങ്ങള്‍ക്ക് സെപ്റ്റംബര്‍ 30 വരെയുള്ള നികുതി പൂര്‍ണമായി ഒഴിവാക്കിയിരുന്നു.

വിദ്യാര്‍ത്ഥികളുടെ യാത്രാപ്രശ്‌നം പരിഹരിക്കാന്‍ 650 കെഎസ്ആര്‍ടിസി ബസുകള്‍ കൂടി ഇറക്കുമെന്നും മന്ത്രി അറിയിച്ചു. ഇതോടെ കെഎസ്ആര്‍ടിസിക്ക് 4000 ബസുകള്‍ ആകും. സ്‌കൂള്‍ വാഹനങ്ങളുടെ ഫിറ്റ്‌നസ് പരിശോധന ഉടന്‍ പൂര്‍ത്തിയാക്കുമെന്നും കുട്ടികളുടെ യാത്രയ്ക്ക് പ്രോട്ടോകോള്‍ തയ്യാറാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ഒന്ന് മുതല്‍ ഏഴ് വരെയുളള ക്ലാസ്സുകളും, 10, 12 ക്ലാസ്സുകളുമാണ് നവംബര്‍ ഒന്ന് മുതല്‍ ആരംഭിക്കുന്നത്. ബാക്കിയുള്ള ക്ലാസ്സുകള്‍ നവംബര്‍ 15 മുതലാണ് ആരംഭിക്കുക. രക്ഷാകര്‍ത്താക്കളുടെ സമ്മതത്തോടെയാവണം കുട്ടികള്‍ സ്‌കൂളുകളില്‍ എത്തിച്ചേരേണ്ടത്.

Top