മൂന്നാറിലെ അനധികൃത കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ ദൗത്യസംഘം; ടാസ്ക് ഫോഴ്സ് ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ

ഇടുക്കി: മൂന്നാറിലെ അനധികൃത കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ പ്രത്യേക ദൗത്യസംഘം രൂപീകരിച്ച് സര്‍ക്കാര്‍ ഉത്തരവ് ഇറക്കി. ജില്ലാ കളക്ടറുടെ നേതൃത്വത്തിലാണ് ടാസ്ക് ഫോഴ്സ്. ഹൈക്കോടതി നിര്‍ദേശത്തെത്തുടര്‍ന്നാണ് പുതിയ ദൗത്യ സംഘം രൂപീകരിച്ചത്. ഭൂമി പതിവ് ചട്ടം ലംഘിച്ച 34 കയ്യേറ്റങ്ങൾ ഒഴിപ്പിക്കും. ജില്ലാ കലക്ടര്‍, ആര്‍ഡിഒ, കാര്‍ഡമം അസിസ്റ്റന്റ് കലക്ടര്‍ എന്നിവരടങ്ങിയ മൂന്നംഗ സംഘത്തെയാണ് റവന്യൂ വകുപ്പ് നിയോഗിച്ചിട്ടുള്ളത്. ഇവരുടെ പ്രതിവാര പ്രവര്‍ത്തനങ്ങള്‍ റവന്യൂ കമ്മീഷണറേറ്റ് വിലയിരുത്തും. ഇതിനായി റവന്യൂ വകുപ്പിലെ ജോയിന്റ് കമ്മീഷണറെ ചുമതലപ്പെടുത്തി.

രജിസ്‌ട്രേഷന്‍ വകുപ്പ് ദൗത്യ സംഘത്തിന് ആവശ്യമായ സഹായങ്ങള്‍ നല്‍കണം. ജില്ലാ പൊലീസ് മേധാവി ആവശ്യമായ പൊലീസ് സഹായങ്ങള്‍ ദൗത്യസംഘത്തിന്റെ പ്രവര്‍ത്തനത്തിന് നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു. സിപിഐഎം ഇടുക്കി ജില്ലാ നേതൃത്വത്തിന്റെ എതിർപ്പിനിടെയാണ് റവന്യൂ ഉത്തരവ്.

അതേസമയം മൂന്നാറിലെ കയ്യേറ്റം ഒഴിപ്പിക്കാന്‍ ഉള്ള ദൗത്യ സംഘത്തോടുള്ള നിലപാട് വ്യക്തമാക്കി എം.എം മണി എംഎല്‍എ. ദൗത്യ സംഘം വന്ന് പോകുന്നതിന് തങ്ങള്‍ എതിരല്ല. കയ്യേറ്റങ്ങള്‍ ഉണ്ടെങ്കില്‍ പരിശോധിക്കട്ടെ. എന്നാല്‍ ജനങ്ങളുടെ മെക്കിട്ട് കേറാനാണ് പരിപാടിയെങ്കില്‍ ദൗത്യ സംഘത്തെ ചെറുക്കും എന്ന എം എം മണി പറഞ്ഞു.

ദൗത്യ സംഘം കൈയ്യേറ്റങ്ങള്‍ ഉണ്ടെങ്കില്‍ പരിശോധിക്കട്ടെ. ദൗത്യസംഘം നിയമപരമായി കാര്യങ്ങള്‍ ചെയ്യട്ടെ. കാലങ്ങളായി നിയമപരമായി താമസിച്ചു വരുന്നവര്‍ക്ക് എതിരെ സര്‍ക്കാര്‍ നടപടി ഒന്നും എടുക്കില്ല. രാഷ്ട്രീയ ലക്ഷ്യം വെച്ച് എന്തെങ്കിലും ചെയ്യാന്‍ വന്നാല്‍ തുരത്തുമെന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ടെന്നും എം എം മണി പറഞ്ഞു.

Top