ബേലൂര്‍ മഗ്‌നയെ പിടികൂടാനാകാതെ ദൗത്യസംഘം;പ്രതിഷേധം കടുപ്പിക്കാന്‍ നാട്ടുകാര്‍

മാനന്തവാടി: വയനാട്ടിലെ കൊലയാളി കാട്ടാന ബേലൂര്‍ മഗ്‌നയെ 14 ദിവസം കഴിഞ്ഞിട്ടും പിടികൂടാനാകാത്തത് ദൗത്യസംഘത്തിന് മുന്നില്‍ വലിയ പ്രതിസന്ധി. ആനയുടെ ആക്രമണത്തില്‍ പടമല സ്വദേശി അജീഷ് മരിച്ചതിനെ തുടര്‍ന്ന് നടന്ന വലിയ പ്രക്ഷോഭത്തെ തുടര്‍ന്നാണ് കാട്ടാനയെ പിടികൂടാനുള്ള ഉത്തരവിറങ്ങിയത്. ഉത്തരവിറങ്ങി രണ്ടാഴ്ച കഴിഞ്ഞിട്ടും ആനയെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. മയക്കുവെടി വിദഗ്ധരായ നവാബ് അലിഖാനും, അരുണ്‍ സക്കറിയയും എത്തിയിട്ടും കാട്ടാന ഇപ്പോഴും കാണാമറയത്താണ്.

ആന തിരിച്ച് കേരളവനമേഖലയില്‍ എത്തിയാല്‍ മാത്രമേ മയക്കുവെടിവെക്കാനാകൂ എന്നതാണ് ദൗത്യസംഘം നേരിടുന്ന പ്രധാന വെല്ലുവിളി. കര്‍ണാടക വനം വകുപ്പും ബേലൂര്‍ മഗ്നയെ നിരീക്ഷിച്ചുവരികയാണ്. മുള്ള് പടര്‍ന്ന അടിക്കാടാണ് ആനയെ പിടികൂടാനുള്ള ദൗത്യത്തെ ബാധിക്കുന്നത്. ആന ഒരിടത്തും നില്‍ക്കാതെ സഞ്ചരിക്കുന്നതും വെല്ലുവിളിയാണ്.

അതേസമയം, പുല്‍പ്പള്ളിയില്‍ വളര്‍ത്തുമൃഗങ്ങളെ ആക്രമിക്കുന്ന കടുവയെ മയക്കുവെടി വെച്ച് പിടികൂടാന്‍ ഉത്തരവിറങ്ങി ഒരാഴ്ച കഴിഞ്ഞിട്ടും ദൗത്യസംഘത്തിന് കടുവയെ കൂട്ടിലാക്കാനും കഴിയുന്നില്ല. തുടര്‍ച്ചയായി ദൗത്യങ്ങള്‍ പരാജയപ്പെടുന്ന പ്രതിസന്ധിയിലാണ് വനoവകുപ്പ്. വയനാട്ടില്‍ രൂക്ഷമാകുന്ന വന്യജീവി ശല്യത്തിനതിരെ കൂടുതല്‍ പ്രതിഷേധം സംഘടിപ്പിക്കാനാണ് ജില്ലയിലെ വിവിധ സംഘടനകളുടെ തീരുമാനം.

Top