കാബൂള്‍: അഫ്ഗാനിസ്ഥാന് പുനര്‍നിര്‍മാണത്തിന് ഇന്ത്യയുള്‍പ്പെടെ അയല്‍രാജ്യങ്ങളുടെ പിന്തുണ ഉറപ്പാക്കി താലിബാന്. മോസ്കോയില്‍ വച്ച് ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തില്‍ നടന്ന യോഗത്തിലാണ് താലിബാന് നിര്‍ണായകമായ പിന്തുണ ഉറപ്പാക്കുന്നത്. അഫ്ഗാന് നേരിടുന്ന സാമ്പത്തിക, മാനുഷിക പ്രതിസന്ധികള്‍ മറികടക്കുന്നതിനാണ് അയല്‍ രാജ്യങ്ങള്‍ താലിബാനുമായി സഹകരിക്കുക.
ഇന്ത്യയ്ക്ക് പുറമെ റഷ്യ, ചൈന, പാകിസ്താന്, ഇറാന്, കസാകിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍, തജിക്കിസ്താന്, തുര്‍ക്ക്മെനിസ്ഥാന്‍, ഉസ്ബസ്കിസ്താന്‍ എന്നീ രാജ്യങ്ങളും അഫ്ഗാന് പിന്തുണ നല്‍കും. ബുധനാഴ്ചയായിരുന്നു മോസ്കോയില്‍ നിര്‍ണായക യോഗം നടന്നത്. അഫ്ഗാനില്‍ സുസ്ഥിരമായ സമാധാനവും എല്ലാ ജന വിഭാഗത്തെയും ഉള്‍ക്കൊള്ളുന്ന സര്‍ക്കാരും നിലവില്‍ വരുന്നതിനായുള്ള നടപടികളും വേണമെന്നും യോഗത്തില്‍ പങ്കെടുത്ത രാജ്യങ്ങളുടെ പ്രതിനിധികള്‍ താലിബാന് പ്രതിനിധിയെ ധരിപ്പിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
താലിബാന് ഇടക്കാല സര്‍ക്കാറിലെ ഡെപ്യൂട്ടി പ്രധാനമന്ത്രി അബ്ദുല്‍ സലാം ഹനാഫിയുടെ നേതൃത്വത്തിലായിരുന്നു അഫ്ഗാനിസ്ഥാന് സംഘം യോഗത്തില്‍ പങ്കെടുത്തത്. വിദേശകാര്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ജെ പി സിംഗ് ഇന്ത്യയെ പ്രതിനിധി സംഘത്തെയും നയിച്ചു. ഇന്ത്യയുമായുള്ള സാമ്പത്തിക, നയതന്ത്ര ബന്ധം മെച്ചപ്പെടുത്തേണ്ടത് അത്യാവശ്യമാണെന്ന് ഇരുപക്ഷവും വിലയിരുത്തുന്നതായി താലിബാന് യോഗത്തിന് ശേഷം പ്രതികരിച്ചു. യോഗത്തിന് പിന്നാലെ ഇന്ത്യന്‍ പ്രതിനിധികളുമായി നടത്തിയ പ്രത്യേക ചര്‍ച്ചയ്ക്ക് ശേഷമായിരുന്നു പ്രതികരണം.
തങ്ങളുടെ അയല്‍ രാജ്യങ്ങള്‍ക്കെതിരായ നീക്കങ്ങള്‍ക്ക് അഫ്ഗാന് പ്രദേശം ഉപയോഗിക്കാന്‍ അനുവദിക്കരുത് എന്നാവശ്യപ്പെടാന്‍ മോസ്കോ ചര്ച്ചയ്ക്കായെന്നായിരുന്നു യോഗത്തിന് ശേഷം ഇന്ത്യന്‍ പ്രതിനിധിയുടെ പ്രതികരണം. ‘അഫ്ഗാനിസ്ഥാനിലെ ജനങ്ങള്‍ക്ക് മാനുഷിക സഹായം ആവശ്യമുണ്ട്, അഫ്ഗാനിസ്ഥാന് ഒരു പ്രയാസകരമായ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്. അഫ്ഗാനിസ്ഥാനിലേക്ക് മാനുഷിക സഹായം നല്കാന് ഇന്ത്യ തയ്യാറാണ്’. എന്ന് യോഗത്തിന് ശേഷം അഫ്ഗാനിസ്ഥാനിലെ ഇസ്ലാമിക് എമിറേറ്റ്’ ഔദ്യോഗിക വക്താവ് സബിഹുല്ല മുജാഹിദ് ട്വീറ്റ് ചെയ്തു.