പ്രതിപക്ഷത്തിന്റെ ‘മുനയൊടിച്ചത്’ സ്പീക്കറുടെ തന്ത്രപരമായ കരുനീക്കം

സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്റെ തന്ത്രപരമായ നിലപാടില്‍ വെട്ടിലായത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യു.ഡി.എഫ് എം.എല്‍.എ.മാരായ വി.ഡി സതീശനും അന്‍വര്‍ സാദത്തിനുമെതിരായ അന്വേഷണത്തിനാണ് സ്പീക്കര്‍ വിജിലന്‍സിന് അനുമതി നിഷേധിച്ചിരിക്കുന്നത്. അന്വേഷണത്തിന് പര്യാപ്തമായ തെളിവുകള്‍ പരാതിക്കാര്‍ക്ക് ഹാജരാക്കാനായിട്ടില്ലെന്ന് വിലയിരുത്തിയാണ് അനുമതി അപേക്ഷ സ്പീക്കര്‍ മടക്കിയിരിക്കുന്നത്. കൂടുതല്‍ തെളിവുകള്‍ ഹാജരാക്കിയാല്‍ വീണ്ടും പരിശോധിക്കാമെന്നും സ്പീക്കര്‍ ആഭ്യന്തരവകുപ്പിനെ അറിയിച്ചിട്ടുണ്ട്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ സംബന്ധിച്ച് തികച്ചും അപ്രതീക്ഷിതമായ നിലപാടാണിത്.

ബാര്‍ കോഴക്കേസില്‍ രമേശ് ചെന്നിത്തലക്ക് എതിരെ വിജിലന്‍സ് അന്വേഷണത്തിന് അനുമതി നല്‍കിയ സ്പീക്കറില്‍ നിന്നും ഇത്തരമൊരു നിലപാട് യു.ഡി.എഫ് നേതൃത്വവും പ്രതീക്ഷിച്ചിരുന്നില്ല. രമേശ് ചെന്നിത്തലക്ക് പുറമെ മുസ്ലീംലീഗ് എം.എല്‍.എ കെഎം ഷാജിക്ക് എതിരെയും വിജിലന്‍സ് അന്വേഷണത്തിന് സ്പീക്കര്‍ അനുമതി നല്‍കിയിട്ടുണ്ട്. യുഡിഎഫ് ഭരണകാലത്ത് രമേശ് ചെന്നിത്തലക്ക് കോഴ നല്‍കിയിരുന്നു എന്നബാര്‍ ഉടമ ബിജു രമേശ് വെളിപ്പെടുത്തിയിരുന്നു. ഇതാണ് ചെന്നിത്തലയെ കുരുക്കിലാക്കിയിരിക്കുന്നത്. ഇതനുസരിച്ച് ചെന്നിത്തലക്ക് എതിരെ വിജിലന്‍സ് അന്വേഷണത്തിന് അനുമതി ആവശ്യപ്പെട്ട് ആഭ്യന്തര വകുപ്പാണ് അപേക്ഷ നല്‍കിയിരുന്നത്. മുഖ്യമന്ത്രിയുടെ നിര്‍ദേശത്തിന് അനുസരിച്ച് തുള്ളുന്ന വെറും പാവയാണ് സ്പീക്കറെന്നായിരുന്നു ഇതിനോട് ചെന്നിത്തല പ്രതികരിച്ചിരുന്നത്.

എന്നാല്‍ വി.ഡി.സതീശനെയും അന്‍വര്‍ സാദത്തിനെയും സ്പീക്കര്‍ വിട്ടതോടെ ചെന്നിത്തലയുടെ ‘പാവ’ പ്രയോഗം തന്നെ പൊളിഞ്ഞിരിക്കുകയാണ്. വിജിലന്‍സ് അന്വേഷണം രാഷ്ട്രീയ പ്രേരിതമാണെന്ന ചെന്നിത്തലയുടെ വാദവും ഇനി വിലപ്പോവുകയില്ല. ബാറുകളുടെ ലൈസന്‍സ് ഫീസ് കുറക്കാന്‍ ചെന്നിത്തലയ്ക്കും കോഴ കൊടുത്തെന്നായിരുന്നു ബാറുടമ ബിജു രമേശ് ആരോപിച്ചിരുന്നത്. കോഴ വാങ്ങുന്ന സമയത്ത് രമേശ് ചെന്നിത്തല മന്ത്രിയല്ലാതിരുന്നതിനാല്‍ ഗവര്‍ണറുടെ അനുമതി ആവശ്യം ഇല്ലെന്നും സ്പീക്കര്‍ അനുമതി നല്‍കിയാല്‍ മതിയെന്നുമായിരുന്നു ആഭ്യന്തര വകുപ്പിന് നിയമോപദേശം കിട്ടിയിരുന്നത്. ഇതനുസരിച്ചാണ് തുടര്‍ നടപടിയുണ്ടായിരിക്കുന്നത്. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കേസ് അന്വേഷിക്കുന്നതോടെ ചെന്നിത്തല കൂടുതല്‍ പ്രതിരോധത്തിലാകാനാണ് സാധ്യത.

ലീഗ് എം.എല്‍.എ കെഎം ഷാജിക്കെതിരെ അനധികൃത സ്വത്ത് സമ്പാദനക്കേസിലാണ് അന്വേഷണം നടക്കുന്നത്. അതേസമയം വി.ഡി. സതീശന്‍ പറവൂര്‍ മണ്ഡലത്തില്‍ നടപ്പാക്കിയ പുനര്‍ജനി പദ്ധതിക്ക് ചട്ടങ്ങള്‍ മറികടന്ന് വിദേശസഹായം കൈപ്പറ്റിയെന്ന പരാതിയാണ് സ്പീക്കര്‍ മടക്കിയിരിക്കുന്നത്. ഇതു സംബന്ധമായി നേരത്തേ നല്‍കിയ പരാതി ആഭ്യന്തരവകുപ്പു തന്നെയാണ് തള്ളിയിരുന്നത്. തിരഞ്ഞെടുപ്പ് അടുത്തതോടെ കേസും അന്വേഷണവും പ്രധാന വിഷയമായി ഉയര്‍ന്നു തുടങ്ങിയപ്പോഴാണ് നേരത്തേയുള്ള അതേ പരാതിക്കാരന്‍ വിജലന്‍സിന് വീണ്ടും പരാതി നല്‍കിയിരുന്നത്. ഇതിലാണ് അന്വേഷണം നടത്താന്‍ വിജിലന്‍സ് സ്പീക്കറുടെ അനുമതി തേടിയിരുന്നത്. ചട്ടം ലംഘിച്ച് വിദേശപണം വാങ്ങിയെന്ന് തെളിയിക്കാനുള്ള രേഖകളൊന്നും തന്നെ പരാതിക്കാരന് ഹാജരാക്കാനായിട്ടില്ലെന്നും സ്പീക്കര്‍ വിലയിരുത്തിയിട്ടുണ്ട്.

ആലുവയിലെ പാലം നിര്‍മാണം വകയിരുത്തിയ തുകയേക്കാളും വര്‍ധിപ്പിച്ചാണ് പൂര്‍ത്തിയാക്കിയതെന്നായിരുന്നു അന്‍വര്‍ സാദത്തിനെതിരേയുള്ള പരാതി. ചെലവ് അധികം വന്നത് എം.എല്‍.എ.യുടെ ഇടപെടലിന്റെ ഫലമായിട്ടാണെന്നായിരുന്നു പ്രധാന ആരോപണം. എന്നാല്‍ പാലം നിര്‍മാണത്തിന്റെ എസ്റ്റിമേറ്റ് പുതുക്കിയതാണെന്ന് സ്പീക്കര്‍ക്ക് തന്നെ ബോധ്യപ്പെടുകയായിരുന്നു. മാത്രവുമല്ല ചെലവു കൂടാന്‍ എം.എല്‍.എ.യുടെ പങ്കാളിത്തം എന്താണെന്ന് വ്യക്തമാക്കാനും പരാതിക്കാരന് കഴിഞ്ഞിരുന്നില്ല. ഇതോടെയാണ് ഈ രണ്ട് പരാതികളും തള്ളപ്പെട്ടത്. ഈ സാഹചര്യത്തില്‍ രാഷ്ട്രീയ പ്രേരിതമാണ് തനിക്കെതിരായ അന്വേഷണമെന്ന് ആരോപിക്കാന്‍ ചെന്നിത്തലക്ക് പോലും കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളത്.

ഇനി അദ്ദേഹം അങ്ങനെ ആരോപിച്ചാല്‍ തന്നെ ഈ വാദം പൊളിച്ചടുക്കാന്‍ വി.ഡി.സതീശന്റെയും അന്‍വര്‍ സാദത്തിന്റെയും ഉദാഹരണങ്ങള്‍ മാത്രം മതിയാകും ഭരണപക്ഷത്തിന് ചൂണ്ടിക്കാട്ടാന്‍. മന്ത്രി ടി.എം. തോമസ് ഐസക്കിനെതിരെ വി.ഡി. സതീശന്‍ നല്‍കിയ അവകാശലംഘന നോട്ടീസ് നിയമസഭയുടെ പ്രിവിലേജസ് ആന്‍ഡ് എത്തിക്‌സ് കമ്മിറ്റിക്കു വിട്ട നടപടിയും സ്പീക്കറുടെ നിക്ഷ്പക്ഷതക്ക് തെളിവായി ഇടതുപക്ഷം ചൂണ്ടിക്കാട്ടുന്നുണ്ട്. സിഎജി റിപ്പോര്‍ട്ടിലെ ഉള്ളടക്കം വാര്‍ത്താ സമ്മേളനത്തിലൂടെ പുറത്തുവിട്ടെന്നതാണ് മന്ത്രിക്കെതിരായ പരാതി. എംഎല്‍എമാര്‍ക്കും മറ്റുമെതിരായ നോട്ടിസുകള്‍ മുന്‍പ് സ്പീക്കര്‍ എത്തിക്‌സ് കമ്മിറ്റിക്കു വിട്ടിട്ടുണ്ടെങ്കിലും ഒരു മന്ത്രിക്കെതിരായ അവകാശലംഘന പരാതി കൈമാറുന്നതു നിയമസഭാ ചരിത്രത്തില്‍ തന്നെ ഇതാദ്യമാണ്.

പ്രതിപക്ഷത്തെ പോലും അമ്പരപ്പിച്ച നീക്കമാണ് ഇതിലൂടെ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ നടത്തിയിരിക്കുന്നത്. പ്രമുഖ നിയമ വിദഗ്ദര്‍ ഉള്‍പ്പെടെയുള്ളവരും സ്പീക്കറുടെ നടപടികളെ അഭിനന്ദിച്ച് ഇപ്പോള്‍ രംഗത്ത് വന്നിട്ടുണ്ട്. ‘ശരിയായ നിലപാട് എന്നാണ് ‘ രാഷ്ട്രീയ നിരീക്ഷകരും ഇതിനെ വിലയിരുത്തിയിരിക്കുന്നത്. രാജ്യത്തെ ഏറ്റവും മികച്ച സ്പീക്കര്‍ക്കുള്ള പുരസ്‌കാരം നേടിയ വ്യക്തി കൂടിയാണ് ശ്രീരാമകൃഷ്ണന്‍. ലോക്‌സഭാ മുന്‍ സ്പീക്കര്‍ ശിവരാജ് പാട്ടീല്‍ അധ്യക്ഷനായ സമിതിയാണ് പുരസ്‌ക്കാര ജേതാവിനെ തെരഞ്ഞെടുത്തിരുന്നത്.

Top