the Syro-Malabar Church at Britain new Bishop Joseph

കൊച്ചി: ബ്രിട്ടണില്‍ സീറോ മലബാര്‍ സഭയ്ക്ക് പുതിയ രൂപത.പാലാ രൂപതാംഗവും റോമിലെ പൊന്തിഫിച്ചെ കോളിജിയോ ഉര്‍ബാനായുടെ വൈസ് റെക്ടറുമായ ഫാ. ജോസഫ് സ്രാമ്പിക്കലിനെ പ്രഥമ മെത്രാനായി സീറോ മലബാര്‍ സഭാ സിനഡ് തീരുമാനിച്ചു.

സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ ഇന്ന് ഉച്ചകഴിഞ്ഞ് 3.30 ഓടെയാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.

പാലാ രൂപത ഉരുളികുന്നം സെന്റ് ജോര്‍ജ് ഇടവകാംഗമാണ് 49 വയസുകാരനായ ഫാ. ജോസഫ് സ്രാമ്പിക്കല്‍. എംഎ ബിരുദം നേടിയശേഷം സെമിനാരിയില്‍ ചേര്‍ന്ന അദ്ദേഹം റോമിലാണ് ദൈവശാസ്ത്ര പഠനം നടത്തിയത്.

പാലാ സെന്റ് തോമസ് ട്രെയിനിംഗ് കോളജില്‍ നിന്ന് ബിഎഡ് ബിരുദം നേടിയിട്ടുണ്ട്. 2000 ഡിസംബര്‍ എട്ടിന് വൈദികനായി.

പാലാ ഗുഡ് ഷെപ്പേഡ് മൈനര്‍ സെമിനാരിയില്‍ അധ്യാപകന്‍, പാലാ സെന്റ് തോമസ് ബിഎഡ് ട്രെയിനിംഗ് കോളജ് അധ്യാപകന്‍, ചേര്‍പ്പുങ്കല്‍ മാര്‍ ശ്ലീവ നഴ്‌സിംഗ് കോളജ് അസിസ്റ്റന്റ് ഡയറക്ടര്‍, പാലാ മാര്‍ ഇഫ്രേം ഫോര്‍മേഷന്‍ സെന്റര്‍ അധ്യാപകന്‍, പാലാ രൂപത ഇവാഞ്ചലൈസേഷന്‍ പ്രോഗ്രാം ഡയറക്ടര്‍ തുടങ്ങി വിവിധ നിലകളിലെ സേവനത്തിനു ശേഷമാണ് റോമില്‍ വൈസ് റെക്ടറായി നിയമിതനായത്.

Top