ഐഎസിന്റെ ഒളിപ്പോരില്‍ ഓടിയൊളിച്ച് സിറിയന്‍ സൈന്യം; അല്‍ബു കമല്‍ വീണ്ടും ഭീകരര്‍ക്ക്

അല്‍ബു കമല്‍: ഐഎസിനെ പടിപടിയായി പുറത്ത് കടത്താന്‍ പടവെട്ടിയിരുന്ന സിറിയന്‍ സൈന്യത്തിന് തിരിച്ചടി.

സിറിയയില്‍ ഒളിയാക്രമണം നടത്തി ഭീകരസംഘടനയുടെ അവസാന ശക്തികേന്ദ്രമായ അല്‍ബു കമല്‍ സൈന്യത്തില്‍നിന്ന് ഐഎസ് തിരികെ പിടിച്ചു.

ഇറാഖിന്റെ അതിര്‍ത്തിയില്‍ യൂഫ്രട്ടീസ് നദീതീരത്തുള്ള അല്‍ബു കമല്‍ പിടിക്കാനുള്ള പോരാട്ടത്തില്‍ ഷിയ ഗ്രൂപ്പുകളും റഷ്യ, ഇറാന്‍ എന്നീ രാജ്യങ്ങളുടെ സൈന്യങ്ങളും സിറിയയെ സഹായിച്ചിരുന്നു.

എന്നാല്‍ കനത്ത പോരാട്ടത്തില്‍ അല്‍ബു കമലില്‍ നിന്ന് സൈന്യം പിന്‍വാങ്ങുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

മേഖലയിലെ പ്രശ്‌നങ്ങള്‍ നിരീക്ഷിക്കുന്ന സംഘടനകളും പ്രദേശവാസികളും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഭീകരരെ ഇറാഖ് അതിര്‍ത്തിയോടു ചേര്‍ന്നുള്ള മരുഭൂമിയിലേക്കു തുരത്തിയെന്നായിരുന്നു സൈന്യത്തിന്റെ വാദം. ഇവരെ സൈന്യം പിന്തുടരുകയും ചെയ്തു.

എന്നാല്‍ നഗരത്തിന്റെ ഹൃദയഭാഗത്ത് തുരങ്കങ്ങളില്‍ ഒളിച്ചിരുന്ന ഭീകരര്‍ അപ്രതീക്ഷിത ആക്രമണം അഴിച്ചു വിടുകയായിരുന്നു.

ചാവേറുകളെ ഉപയോഗപ്പെടുത്തിയായിരുന്നു ഐഎസിന്റെ തിരിച്ചടി. ഒപ്പം റോക്കറ്റ് ആക്രമണങ്ങളും ശക്തമാക്കി. പിന്തിരിഞ്ഞോടിയെന്നു കബളിപ്പിക്കുകയും പിന്നീട് സൈന്യത്തെ വളഞ്ഞിട്ട് ആക്രമിക്കുകയും ചെയ്യുന്ന രീതിയായിരുന്നു ഐഎസ് പ്രയോഗിച്ചത്.

സൈന്യത്തിന്റെ ഭാഗത്തു വന്‍ നാശമാണുണ്ടായിരിക്കുന്നത്. നിലവില്‍ അല്‍ബു കമലിന്റെ സമീപത്തുള്ള നഗരം കേന്ദ്രീകരിച്ച് കരയുദ്ധം ശക്തമാക്കുകയാണു സൈന്യം. റഷ്യ വ്യോമാക്രമണവും ശക്തമാക്കിയിട്ടുണ്ട്.

ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് അല്‍ബു കമലില്‍ നിന്ന് ഐഎസിനെ തുരത്തിയെന്നും ഒട്ടേറെ ഭീകരര്‍ കീഴടങ്ങിയെന്നും സിറിയന്‍ സൈന്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. മൂന്നു വര്‍ഷത്തോളം ഈ നഗരം ഐഎസിന്റെ പിടിയിലായിരുന്നു.

അതേസമയം, അല്‍ബു കമലില്‍ റഷ്യ വ്യോമാക്രമണം തുടരുകയാണ്. ഞായറാഴ്ച നടത്തിയ ആക്രമണത്തില്‍ 50 പ്രദേശവാസികളെങ്കിലും കൊല്ലപ്പെട്ടതായാണു റിപ്പോര്‍ട്ട്.

ഇവരിലേറെയും സ്ത്രീകളും കുട്ടികളുമാണെന്നും സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് പറയുന്നു. 20 കുട്ടികളെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ മൂന്നു ദിവസമായി റഷ്യ വ്യോമാക്രമണം തുടരുകയാണ്. പോരാട്ടം കനത്ത അല്‍ബു കമലില്‍ നിന്നു രക്ഷപ്പെട്ടോടുന്നവര്‍ക്കു നേരെയാണ് റഷ്യയുടെ ആക്രമണം.

ഏതുവിധേനയും മേഖലയില്‍ വിജയം ഉറപ്പാക്കാന്‍ പോരാടുന്ന റഷ്യ മനുഷ്യാവകാശങ്ങള്‍ ലംഘിക്കുകയാണെന്ന പരാതിയും ശക്തമായിട്ടുണ്ട്. ഐഎസ് അല്‍ബു കമാല്‍ തിരിച്ചു പിടിച്ചതിനെത്തുടര്‍ന്നാണ് ആക്രമണം ഇപ്പോള്‍ ശക്തമാക്കിയിട്ടുള്ളത്.

Top