സ്വിഫ്റ്റിന് 110 കിലോമീറ്റര്‍ സ്പീഡാകാം; തീരുമാനം പുനരാലോചിക്കുമെന്ന് മന്ത്രി

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയുടെ സ്വിഫ്റ്റ് ബസുകള്‍ക്ക് 110 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കാമെന്ന് നിര്‍ദേശിക്കുന്ന സര്‍ക്കുലര്‍ പുറത്ത്. കേരളത്തിലെ സംസ്ഥാന പാതകളിലും ദേശീയ പാതകളിലും ഹെവി പാസഞ്ചര്‍ വാഹനങ്ങളുടെ വേഗത മണിക്കൂറില്‍ 65 കിലോമീറ്ററും നാലുവരി പാതകളില്‍ 70 കിലോമീറ്ററുമായി നിജപ്പെടുത്തിയിരിക്കെയാണ് നിര്‍ദേശം. സ്വിഫ്റ്റിന്റെ സ്‌പെഷ്യല്‍ ഓഫീസറാണ് സര്‍ക്കുലര്‍ ഇറക്കിയത്. വിവാദമായതോടെ തീരുമാനം പുനഃപരിശോധിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പ്രതികരിച്ചു.

സ്വിഫ്റ്റ് ബസുകളുടെ പ്രവര്‍ത്തനം സംബന്ധിച്ച് ജൂലൈയില്‍ ഇറക്കിയ നിര്‍ദേശത്തിലായിരുന്നു വേഗത സംബന്ധിച്ച നിര്‍ദേശമുള്ളത്. സര്‍വ്വീസുകളുടെ ഷെഡ്യൂള്‍ സമയം ബസ് സ്റ്റേഷനുകളിലും ബസിലും പ്രദര്‍ശിപ്പിക്കണം, ബസുകളുടെ സ്പീഡ് ലിമിറ്റ് 110 കിലോമീറ്റര്‍ ആയി വര്‍ധിപ്പിക്കാനും ഇടയ്ക്കുള്ള ടെര്‍മിനല്‍ വിശ്രമ സമയം വര്‍ധിപ്പിക്കാനും സ്വിഫ്റ്റ് ബസുകളുടെ ഷെഡ്യൂളുകള്‍ എല്ലാ യൂണിറ്റിലും ലഭ്യമാക്കി കുറ്റമറ്റ ബസ് സര്‍വീസുകള്‍ നടത്തുവാനും സ്‌പെഷ്യല്‍ ഓഫീസര്‍ നടപടികള്‍ സ്വീകരിക്കണമെന്നുമായിരുന്നു നിര്‍ദേശത്തിലുള്ളത്.

സ്വിഫ്റ്റ് ബസുകള്‍ നിശ്ചയിച്ചിട്ടുള്ള സമയങ്ങളില്‍ ലക്ഷ്യ സ്ഥാനങ്ങളില്‍ എത്തണമെങ്കില്‍ ഇത്രയും ഉയര്‍ന്ന സ്പീഡില്‍ യാത്ര ചെയ്യണമെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് സ്പീഡ് ലിമിറ്റ് ഉയര്‍ത്താന്‍ നിര്‍ദേശം നല്‍കിയതെന്നാണ് സൂചന. ട്രാന്‍സ്‌പോര്‍ട്ട് വകുപ്പ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലായിരുന്നു ഇത് സംബന്ധിച്ച നിര്‍ദേശമുണ്ടായത്.

വടക്കഞ്ചേരിയില്‍ ടൂറിസ്റ്റ് ബസ് കെഎസ്ആര്‍ടിസി ബസിലിടിച്ചുണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തിലാണ് മാസങ്ങള്‍ക്ക് മുമ്പ് പുറത്തിറങ്ങിയ ഉത്തരവിന്റെ പകര്‍പ്പ് പുറത്തുവന്നത്. തീരുമാനം വിവാദമായതോടെയാണ് വിശദീകരണവുമായി മന്ത്രി ആന്റണി രാജു രംഗത്തെത്തിയത്. കെ സ്വിഫ്റ്റ് ബസുകളുടെ വേഗപരിധി കൂട്ടിയ തീരുമാനം റദ്ദാക്കേണ്ടി വരുമെന്നും തീരുമാനം പുനഃപരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.

 

Top