ബിഹാറിലെ ജാതി സര്‍വേ തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ഡല്‍ഹി: ബിഹാറിലെ ജാതി സര്‍വേ തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഒരുകൂട്ടം ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. രണ്ട് എന്‍ജിഒകള്‍ ഉള്‍പ്പടെയുള്ളവരാണ് ഹര്‍ജിക്കാര്‍. ജാതി അടിസ്ഥാനപ്പെടുത്തി സര്‍വേ നടത്താനുള്ള ബിഹാര്‍ സര്‍ക്കാരിന്റെ തീരുമാനം ചോദ്യം ചെയ്യുന്നതാണ് അപ്പീലുകള്‍. രണ്ടാംഘട്ട സര്‍വേ നടത്താനുള്ള സര്‍ക്കാര്‍ തീരുമാനം ശരിവെച്ച പട്ന ഹൈക്കോടതി വിധിക്കെതിരെയായ അപ്പീലാണിത്.

ചീഫ് ജസ്റ്റിസ് കെ വിനോദ് ചന്ദ്രന്‍ അധ്യക്ഷനായ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് സര്‍വേയുമായി മുന്നോട്ട് പോകാന്‍ നേരത്തെ ബിഹാര്‍ സര്‍ക്കാരിന് അനുമതി നല്‍കിയിരുന്നു. ജാതി സര്‍വ്വേയല്ലെന്നും ജനങ്ങളുടെ സാമ്പത്തികാവസ്ഥ സംബന്ധിച്ച വിവര ശേഖരണമാണ് നടത്തുന്നതെന്നുമാണ് മുഖ്യമന്ത്രി നിതീഷ് കുമാര്‍ നല്‍കിയ വിശദീകരണം.

ജാതി അടിസ്ഥാനത്തില്‍ സര്‍വേ നടത്തുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമാണ് ബിഹാര്‍. സംസ്ഥാനത്തെ ജനസംഖ്യയില്‍ 36 ശതമാനം പേര്‍ അതിപിന്നാക്ക വിഭാഗങ്ങളില്‍ നിന്നുളളവരാണ്. 27 ശതമാനം പിന്നാക്ക വിഭാഗക്കാര്‍, 19.7 ശതമാനം പേര്‍ പട്ടികജാതി, 1.7 ശതമാനം പേര്‍ പട്ടികവര്‍ഗക്കാരുമാണെന്ന് സര്‍വേയില്‍ പറയുന്നു.

സംസ്ഥാനത്തെ ആകെ ജനസംഖ്യ 13.1 കോടിയാണ്. ബിസി വിഭാഗത്തില്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവിന്റെ സമുദായമായ യാദവ് സമുദായമാണ് ഏറ്റവും വലിയ ഉപസമുദായം. 14.27 ശതമാനമാണ് യാദവ് സമുദായം. കുര്‍മി സമുദായം 2.87 ശതമാനം, മുസാഹര്‍ സമുദായം മൂന്ന് ശതമാനം, ഭൂമിഹാര്‍ 2.86 ശതമാനം, ബ്രാഹ്‌മണര്‍ 3.66 ശതമാനം എന്നിങ്ങനെയാണ് കണക്ക്.

സാമൂഹ്യ ക്ഷേമ പദ്ധതികള്‍ സാമൂഹിക നീതി അനുസരിച്ച് വിതരണം ചെയ്യാനുള്ള രേഖയായാണ് സര്‍ക്കാര്‍ ജാതി സെന്‍സസിനെ കാണുന്നത്. വരുന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ ജാതി സെന്‍സസ് ഇന്‍ഡ്യ സഖ്യത്തിന്റെ സംസ്ഥാനത്തെ പ്രധാന പ്രചാരണ വിഷയങ്ങളില്‍ ഒന്നാകും. അടുത്ത ഇന്‍ഡ്യ മുന്നണി യോഗത്തിലും ജാതി സെന്‍സസ് വിഷയം ചര്‍ച്ചയും. അതേസമയം ജാതി സെന്‍സസ് വെറും കണ്ണില്‍ പൊടിയിടല്‍ എന്നാണ് ബിജെപി ആരോപണം.

Top