ആര്‍ട്ടിക്കിള്‍ 370 എടുത്തുകളയുന്നതിനെതിരായ ഹര്‍ജികള്‍: ഓഗസ്റ്റ് 2 മുതല്‍ സുപ്രീംകോടതി പരിഗണിക്കും

ഡല്‍ഹി: ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെതിരായ ഹര്‍ജികള്‍ ഓഗസ്റ്റ് 2 മുതല്‍ സുപ്രീം കോടതി പരിഗണിക്കും. തിങ്കള്‍, വെള്ളി ഒഴികെയുള്ള ദിവസങ്ങളില്‍ ഹര്‍ജികളില്‍ വാദം കേള്‍ക്കുമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് അറിയിച്ചു. ജമ്മുകശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 എടുത്തുകളയുന്നതുമായി ബന്ധപ്പെട്ട് 23 ഓളം ഹര്‍ജികളാണ് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്.

2020 മാര്‍ച്ച് രണ്ടിന് ശേഷം ഇതാദ്യമായാണ് ഈ വിഷയം സുപ്രീംകോടതി പരിഗണിക്കുന്നത്. ഇന്ന് വാദം കേള്‍ക്കുന്നതിനിടെ എല്ലാ കക്ഷികളോടും ജൂലൈ 27 നകം മറുപടി നല്‍കണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടു. വിഷയത്തില്‍ എല്ലാ കക്ഷികളും ജൂലൈ 27നകം മറുപടി നല്‍കണമെന്നും അതിനുശേഷം മാറ്റങ്ങളൊന്നും അനുവദിക്കില്ലെന്നും കോടതി വ്യക്തമാക്കി. കൂടാതെ വിചാരണ സുഗമമാക്കുന്നതിന് രണ്ട് അഭിഭാഷകരെ നോഡല്‍ അഭിഭാഷകരായി കോടതി നിയമിച്ചിട്ടുണ്ട്.

അതേസമയം ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെതിരായ തങ്ങളുടെ ഹര്‍ജികള്‍ പിന്‍വലിക്കണമെന്ന് ഐഎഎസ് ഓഫീസര്‍ ഷാ ഫൈസലും ആക്ടിവിസ്റ്റ് ഷെഹ്ല റാഷിദും ആവശ്യപ്പെട്ടു. ഹര്‍ജിയില്‍ നിന്ന് പിന്മാറാന്‍ സുപ്രീം കോടതി ഇരുവര്‍ക്കും അനുമതി നല്‍കി. ചൊവ്വാഴ്ച വാദം കേള്‍ക്കുന്നതിനിടെ കേന്ദ്രത്തിന്റെ പുതിയ സത്യവാങ്മൂലം പരിഗണിക്കാനും സുപ്രീം കോടതി വിസമ്മതിച്ചു. 2019 ഓഗസ്റ്റ് 5 നാണ് ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ് രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കാന്‍ കേന്ദ്രം തീരുമാനിച്ചത്.

 

 

Top