ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ കേരള സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി ഇന്ന് സുപ്രിംകോടതി പരിഗണിക്കും

ഡല്‍ഹി: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ കേരള സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി ഇന്ന് സുപ്രിംകോടതി പരിഗണിക്കും. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്. കേന്ദ്രസര്‍ക്കാരും ഗവര്‍ണറുടെ അഡീഷണല്‍ ചീഫ്‌സെക്രട്ടറിയും കോടതിയില്‍ നിലപാട് അറിയിക്കണം. കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ ഒപ്പം തമിഴ്‌നാട് ഗവര്‍ണറെയും കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

നിയമസഭ പാസാക്കിയ ബില്ലുകളില്‍ തീരുമാനമെടുക്കാത്ത ഗവര്‍ണറുടെ നടപടിയെ ചോദ്യം ചെയ്തു സംസ്ഥാനം സമര്‍പ്പിച്ച ഹര്‍ജിയാണ് പരിഗണിക്കുന്നത്. എട്ട് ബില്ലുകളില്‍ ഗവര്‍ണര്‍ തീരുമാനമെടുത്തിട്ടില്ലെന്നു ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. ഗവര്‍ണര്‍ ഹര്‍ജിയില്‍ ഒന്നാം എതിര്‍കക്ഷി ആയിരുന്നെങ്കിലും അദ്ദേഹത്തിന് നോട്ടീസ് അയക്കാതെ ഗവര്‍ണറുടെ അഡീഷണല്‍ ചീഫ് സെക്രട്ടറി ദാവേന്ദ്ര കുമാര്‍ ദോത്താവത്തിനും കേന്ദ്ര സര്‍ക്കാരിനുമാണ് സുപ്രീംകോടതി നോട്ടീസ് അയച്ചിരുന്നത്.

പഞ്ചാബ് സര്‍ക്കാര്‍ ഗവര്‍ണര്‍ക്കെതിരെ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചപ്പോഴും കോടതി വിമര്‍ശനം മയപ്പെടുത്തിയില്ല. ബില്ലുകള്‍ തടഞ്ഞു വച്ചുകൊണ്ടു ഗവര്‍ണര്‍ക്ക് നിയമസഭയെ മറികടക്കാനാവില്ലെന്ന് ബെഞ്ച് ഓര്‍മിപ്പിച്ചു. തിരിച്ചയക്കുന്ന ബില്ലുകള്‍ പാസാക്കിയാല്‍ ഒപ്പിടാന്‍ ഗവര്‍ണര്‍ക്ക് ഉത്തരവാദിത്തമുണ്ട്. നവംബര്‍ 10നുള്ള വിധിന്യായത്തിലാണ് ഗവര്‍ണര്‍ക്കെതിരെ ബെഞ്ച് നിലപാട് അറിയിച്ചത്. കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കഴിഞ്ഞ ദിവസം അറ്റോര്‍ണി ജനറലുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

Top