നിയമസഭ പാസാക്കിയ ബില്ലുകളില്‍ ഒപ്പിടുന്നതില്‍ സുപ്രിം കോടതിയുടെ നിര്‍ദേശം പാലിക്കും; ആരിഫ് മുഹമ്മദ് ഖാന്‍

നിയമസഭ പാസാക്കിയ ബില്ലുകളില്‍ ഒപ്പിടുന്നതില്‍ സുപ്രിം കോടതിയുടെ നിര്‍ദ്ദേശം പാലിക്കുമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സുപ്രിം കോടതി വിശുദ്ധ പശുവാണെന്നും കോടതിയുടെ നിര്‍ദേശം എന്തായാലും പാലിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിയമസഭ പാസാക്കിയ ബില്ലുകള്‍ തടഞ്ഞുവെക്കാനോ വീറ്റോ ചെയ്യാനോ ഗവര്‍ണര്‍ക്ക് അധികാരമില്ലെന്നായിരുന്നു സുപ്രിം കോടതിയുടെ നിരീക്ഷണം. അതേസമയം, നിയമസഭ ബില്ലുകള്‍ പാസാക്കിയാല്‍ ഒപ്പിടാന്‍ ഗവര്‍ണര്‍ക്ക് ഉത്തരവാദിത്തമുണ്ടെന്നും കോടതി നിര്‍ദേശിച്ചു.

സുപ്രിം കോടതി വിശുദ്ധ പശുവാണ്. കോടതിയുടെ നിര്‍ദേശം എന്തായാലും പാലിക്കും. പഞ്ചാബ് വിധി പരിശോധിക്കാന്‍ പറഞ്ഞത് സെക്രട്ടറിയോടാണ്. പരിശോധിച്ചോ എന്നത് സെക്രട്ടറിയോട് ചോദിക്കൂ. കോടതി വിധി കൈവശമുണ്ടെങ്കില്‍ തരാന്‍ ഗവര്‍ണര്‍ ആവശ്യപ്പെട്ടു. സെക്രട്ടറിക്ക് വേണ്ടി താന്‍ മറുപടി പറയില്ല എന്നും ആരിഫ് മുഹമ്മദ് ഖാന്‍ മാധ്യമങ്ങളോട് പറഞ്ഞത്.

നിയമസഭ പാസാക്കിയ ബില്ലുകള്‍ അംഗീകരിക്കാന്‍ ഗവര്‍ണര്‍മാര്‍ കാണിക്കുന്ന കാലതാമസത്തിനെതിരെ സുപ്രീം കോടതി. കേസുകള്‍ പരമോന്നത കോടതിയില്‍ എത്തുന്നത് വരെ കാത്തിരിക്കാതെ ഗവര്‍ണര്‍മാര്‍ ബില്ലുകളില്‍ തീരുമാനമെടുക്കേണ്ടതാണെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

ബില്ലുകളില്‍ തീരുമാനമെടുക്കാതെ ഗവര്‍ണര്‍മാര്‍ തടഞ്ഞുവയ്ക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി കേരളം, തമിഴ്നാട്, തെലങ്കാന, പഞ്ചാബ് തുടങ്ങിയ നാല് സംസ്ഥാനങ്ങള്‍ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. ഇതില്‍ പഞ്ചാബ് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. സംസ്ഥാന സര്‍ക്കാര്‍ കോടതിയെ സമീപിച്ചതിന് ശേഷം മാത്രം ഗവര്‍ണര്‍മാര്‍ ബില്ലുകളില്‍ ഇടപെടുന്ന പ്രവണത അവസാനിപ്പിക്കണമെന്ന് കോടതി വാക്കാല്‍ പറഞ്ഞു. ഗവര്‍ണര്‍മാര്‍ ആത്മപരിശോധന നടത്തണം. തങ്ങള്‍ ജനപ്രതിനിധികളല്ലെന്ന് ഗവര്‍ണര്‍മാര്‍ തിരിച്ചറിയണമെന്നും കോടതി പറഞ്ഞു.

Top