രേഖാരാജിന്റെ നിയമനം റദ്ദാക്കിയത് സുപ്രീം കോടതി ശരിവെച്ചു

ന്യൂഡല്‍ഹി: മഹാത്മാ ഗാന്ധി സര്‍വകലാശാലയില്‍ ദളിത് സ്ത്രീ ചിന്തക രേഖാ രാജിനെ അസിസ്റ്റന്റ് പ്രൊഫസര്‍ ആയി നിയമിച്ചത് റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീംകോടതി ശരിവച്ചു. മഹാത്മാ ഗാന്ധി സര്‍വകലാശാലയ്ക്ക് എതിരെ രൂക്ഷ വിമര്‍ശനം നടത്തിക്കൊണ്ടാണ് സുപ്രീംകോടതി ഹര്‍ജി തള്ളിയത്. എംജി സര്‍വകലാശാല നടത്തിയ നിയമന രീതി ശുദ്ധ അസംബന്ധമാണെന്നും അംഗീകരിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. അതേസമയം, ഇതുവരെ കോടതിയില്‍ ചോദ്യം ചെയ്യപ്പെടാത്ത മറ്റ് നിയമനങ്ങള്‍ക്ക് ഈ വിധി ബാധകമായിരിക്കില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.

മഹാത്മാ ഗാന്ധി സര്‍വകലാശാലയിലെ ഗാന്ധിയന്‍ സ്റ്റഡീസില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്കുള്ള രേഖാ രാജിന്റെ നിയമനം റദ്ദാക്കിയ ഹൈക്കോടതി റാങ്ക് പട്ടികയില്‍ രണ്ടാമെത്തിയ നിഷ വേലപ്പന്‍ നായര്‍ക്ക് ഉടന്‍ നിയമനം നല്‍കണമെന്ന് ഉത്തരവ് ഇറക്കിയിരുന്നു. ഇതിനെതിരെ മഹാത്മാ ഗാന്ധി സര്‍വകലാശാലയും രേഖ രാജുമാണ് സുപ്രീംകോടതിയെ സമീപിച്ചത്. എന്നാല്‍ ഹര്‍ജികളിലെ വാദം അംഗീകരിക്കാന്‍ കഴിയില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. നിയമന വ്യവസ്ഥകളില്‍ ഇളവ് അനുവദിക്കാന്‍ സര്‍വകലാശാലയ്ക്ക് അധികാരം ഉണ്ടെന്ന് ചട്ടങ്ങളില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ടെന്നും അഭിഭാഷക കോടതിയില്‍ ചൂണ്ടിക്കാട്ടിയെങ്കിലും കോടതി അംഗീകരിച്ചില്ല.

Top