കൊളീജിയം സംവിധാനം ഏറ്റവും സുതാര്യമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് സുപ്രീംകോടതി

ഡൽഹി: ജഡ്ജിമാരുടെ നിയമനത്തിനായുള്ള കൊളീജിയം സംവിധാനം ഏറ്റവും സുതാര്യമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് സുപ്രീംകോടതി. കൊളീജിയത്തെ അവതാളത്തിലാക്കരുത്. അതിൻ്റെ കടമ നിര്‍വഹിക്കാന്‍ അനുവദിക്കുക. കൊളീജിയം തീരുമാനങ്ങളെ കുറിച്ച് മുന്‍ അംഗങ്ങള്‍ അഭിപ്രായ പ്രകടനം നടത്തുന്നത് ഇപ്പോള്‍ ഒരു ഫാഷനായി മാറിയിട്ടുണ്ടെന്നും ജസ്റ്റീസുമാരായ എം.ആര്‍ ഷാ, സി.ടി രവികുമാര്‍ എന്നിവരുള്‍പ്പെട്ട ബെഞ്ച് വ്യക്തമാക്കി.

2018-ലെ കൊളീജിയം യോഗത്തിന്റെ വിശദാംശങ്ങള്‍ തേടി നല്‍കിയ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി നിരസിച്ചതിനെതിരെ ആക്ടിവിസ്റ്റ് അഞ്ജലി ഭരദ്വാജ് നല്‍കിയ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് കൊളീജിയം സംവിധാനത്തെ അവതാളത്തിലാക്കരുതെന്ന് കോടതി പറഞ്ഞത്. വാദത്തിനിടെ കൊളീജിയം തീരുമാനങ്ങള്‍ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരുമോ എന്നതാണ് ചോദ്യമെന്ന് അഞ്ജലിയുടെ അഭിഭാഷകനായ പ്രശാന്ത് ഭൂഷന്‍ ചൂണ്ടിക്കാട്ടി.

Top