ടീസ്റ്റയ്ക്കെതിരെ ചുമത്തിയ കുറ്റങ്ങൾ ഗുരുതരമല്ലെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: സാമൂഹികപ്രവർത്തക ടീസ്റ്റ സെതൽവാദിനെതിരെ ചുമത്തിയ കുറ്റങ്ങൾ ഗുരുതരമല്ലെന്നു സുപ്രീം കോടതി. ടീസ്റ്റയുടെ ജാമ്യാപേക്ഷയിലെ തീരുമാനം അനാവശ്യമായി വലിച്ചു നീട്ടുന്ന ഗുജറാത്ത് സർക്കാർ നടപടിയെയും കോടതി ചോദ്യം ചെയ്തു. ഗുജറാത്ത് കലാപത്തിന് ഗൂഢാലോചന നടത്തിയെന്ന് വരുത്തിത്തീർക്കാൻ ഉന്നതർക്കെതിരെ വ്യാജ തെളിവുണ്ടാക്കിയെന്ന കേസിൽ അറസ്റ്റിലായ ടീസ്റ്റ ജൂൺ 25 മുതൽ ജയിലിലാണ്. കേസിന്റെ പ്രത്യേകതകൾ അസ്വസ്ഥത ജനിപ്പിക്കുന്നതാണെന്നും കോടതി പറഞ്ഞു. ടീസ്റ്റയ്ക്ക് നീതി നിഷേധിക്കപ്പെട്ടുവെന്നു സൂചിപ്പിക്കുന്ന പരാമർശങ്ങൾ ചീഫ് ജസ്റ്റിസ് യു.യു.ലളിത് അധ്യക്ഷനായ ബെഞ്ച് നടത്തിയതോടെ ഹർജി പരിഗണിക്കുന്നത് ഇന്നത്തേക്കു മാറ്റി. ഇന്നുച്ചയ്ക്ക് രണ്ടിനു വാദം തുടരും. ഗുജറാത്ത് സർക്കാരിനു വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത ആവർത്തിച്ചാവശ്യപ്പെട്ടതിനെ തുടർന്നാണ് ഹർജി ഇന്നത്തേക്കു മാറ്റിയത്.

‘2 മാസത്തിലധികമായി ടീസ്റ്റ ജയിലിലാണ്. കുറ്റപത്രം നൽകിയിട്ടില്ല. ഗുജറാത്ത് കലാപത്തിലെ ഗുൽബെർഗ് കൂട്ടക്കൊലയ്ക്കു പിന്നിൽ ഗൂഢാലോചന ആരോപിച്ച സാകിയ ജാഫ്രി കേസിൽ സുപ്രീം കോടതി വിധി പറഞ്ഞയുടൻ ടീസ്റ്റയെ അറസ്റ്റ് ചെയ്തു. സാക്കിയ കേസിലെ ഉത്തരവിൽ പറഞ്ഞതിനപ്പുറമൊന്നും ഗുജറാത്ത് പൊലീസിന്റെ എഫ്ഐആറിൽ ഇല്ല. ഓഗസ്റ്റ് 3ന് ഹർജി പരിഗണിച്ച ഗുജറാത്ത് ഹൈക്കോടതി അത് മാറ്റിയത് ആറാഴ്ച കഴിഞ്ഞാണ്. കൊലപാതകമോ യുഎപിഎയോ മറ്റോ അല്ല, സാധാരണ കുറ്റങ്ങളാണ് അവർക്കെതിരെ ചുമത്തിയത്. ജാമ്യം കിട്ടാത്തതല്ല ഈ കുറ്റങ്ങൾ. കസ്റ്റഡിയിൽ വയ്ക്കാതെ തന്നെ അന്വേഷണം തുടരുന്നതിനും തടസ്സമില്ല. നിയമപരമായി മാന്യമായ സമീപനം സ്ത്രീക്ക് നൽകേണ്ടതുണ്ട്’.– ബെഞ്ച് പറഞ്ഞു. സമാന കുറ്റം ചെയ്ത സ്ത്രീയെ ഈ രീതിയിൽ കൈകാര്യം ചെയ്ത ഉദാഹരണം പറയാൻ കോടതി ആവശ്യപ്പെട്ടപ്പോൾ ഒരു സ്ത്രീയും ഇങ്ങനെയൊരു മോശം കാര്യം ചെയ്തിട്ടില്ലെന്നായിരുന്നു സർക്കാരിന്റെ പ്രതികരണം.

Top