സുബൈര്‍ ട്വീറ്റ് ചെയ്യുന്നത് തടയണമെന്ന യുപി പൊലീസിന്റെ ആവശ്യം സുപ്രീംകോടതി തള്ളി

ദില്ലി: ഓൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈറിനെ ട്വീറ്റ് ചെയ്യുന്നതിൽ നിന്ന് വിലക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. ഉത്തർപ്രദേശ് പൊലീസിന്‍റെ ആവശ്യമാണ് കോടതി തള്ളിയത്. എഴുതുന്നത് എങ്ങനെ തടയുമെന്നാണ് കോടതി ചോദിച്ചത്. അഭിഭാഷകരോട് വാദിക്കരുതെന്ന് പറയാണ് പറ്റുമോ, അതുപോലെയാണ് മാധ്യമ പ്രവർത്തകരോട് എഴുതരുത് എന്ന് പറയുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി. ഉത്തർപ്രദേശ് പൊലീസ് രജിസ്റ്റര്‍ ചെയ്ത ഏഴ് കേസുകളിലും മുഹമ്മദ് സുബൈറിന് സുപ്രീംകോടതി ഇന്ന് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.

സുബൈറിനെ കസ്റ്റഡിയിൽ വെക്കുന്നതിന് യാതൊരു ന്യായീകരണവും ഇല്ലെന്നാണ് കോടതി പറഞ്ഞത്. സുബൈറിന് എതിരായ കേസുകൾ ദില്ലിയിലേക്ക് മാറ്റാൻ കോടതി നിർദേശിച്ചു. അറസ്റ്റ് ചെയ്യാനുള്ള അധികാരം ഏറ്റവും മിതമായി ഉപയോഗിക്കണമെന്നും കോടതി പരാമര്‍ശിച്ചു. ജസ്റ്റിസ് ഡി. വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്‍റേതാണ് ഉത്തരവ്. 20000 രൂപ കെട്ടി വെക്കണം. ഇത് കെട്ടി വച്ച ഉടനെ സുബൈറിനെ ജയിൽ മോചിതനാക്കണമെന്നാണ് കോടതിയുടെ നിര്‍ദ്ദേശം. ഇന്ന് ആറ് മണിക്കൂറിനുള്ളിൽ സുബൈറിനെ മോചിപ്പിക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു.

ദില്ലിയിൽ രജിസ്റ്റ‍ർ ചെയ്ത കേസുകളില്‍ മുഹമ്മദ് സുബൈറിന് നേരത്തെ ജാമ്യം ലഭിച്ചിരുന്നു. ഉപാധികളോടെയാണ് പട്യാല ഹൗസ് കോടതി ജാമ്യം അനുവദിച്ചത്. 50,000 രൂപയുടെ ആൾജാമ്യം, കോടതിയുടെ അനുമതിയില്ലാതെ രാജ്യം വിടരുത് എന്നീ ഉപാധികളിന്മേലാണ് ജാമ്യം അനുവദിച്ചത്. ഇപ്പോള്‍ ഉത്തർപ്രദേശിലെ കേസുകളിൽ ജാമ്യം ലഭിച്ചതോടെ മുഹമ്മദ് സുബൈറിന് ഉടന്‍ പുറത്തിറങ്ങാൻ സാധിക്കും. ഏഴ് കേസുകളാണ് മുഹമ്മദ് സുബൈറിനെതിരെ യുപിയിൽ രജിസ്റ്റർ ചെയ്തിരുന്നത്. നേരത്തെ സീതാപ്പൂരിൽ രജിസ്റ്റർ ചെയ്ത കേസിലും മുഹമ്മദ് സുബൈറിന് സുപ്രീംകോടതി ഇടക്കാല ജാമ്യം ലഭിച്ചിരുന്നു. ഇത് പിന്നീട് സെപ്തംബർ 7 വരെ നീട്ടി.

1983 ലെ ‘കിസി സേ ന കഹാ’ എന്ന ഹിന്ദി ചിത്രത്തിലെ ഒരു ദൃശ്യം പങ്കുവച്ച് നടത്തിയ ട്വീറ്റിലാണ് മാധ്യമപ്രവര്‍ത്തകൻ മുഹമ്മദ് സുബൈറിനെ പൊലീസ് അറസ്റ്റ് ചെയ്തത്. മതവികാരം വ്രണപ്പെടുത്തല്‍, വിദ്വേഷം വളർത്തല്‍ തുടങ്ങിയ വകുപ്പുകള്‍ സുബൈറിനെതിരെ ചുമത്തിയിട്ടുണ്ട്. ഹനുമാന്‍ ഭക്ത് എന്ന വ്യക്തിവിവരങ്ങള്‍ ഇല്ലാത്ത ട്വിറ്റർ ഐ‍ഡി ഇക്കാര്യം ചൂണ്ടിക്കാട്ടി ദില്ലി പൊലീസിനെ ടാഗ് ചെയ്തതിന്‍റെ അടിസ്ഥാനത്തിലാണ് നടപടിയുണ്ടായത്.

Top