സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിനെതിരായ ഹര്‍ജി സുപ്രീം കോടതി തള്ളി

ദില്ലി: സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി തള്ളി. ജസ്റ്റിസുമാരായ എം എം സുന്ദരേഷ്, ജെ ബി പാര്‍ദിവാല എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. ഹര്‍ജിയിലെ ആരോപണം തെളിയിക്കാന്‍ എന്ത് തെളിവുണ്ടെന്ന് കോടതി ചോദിച്ചു.

ഹര്‍ജിക്കാരന്‍ അവാര്‍ഡ് നിര്‍ണയത്തിന്റെ പ്രാഥമിക റൗണ്ടില്‍ തന്നെ പുറത്തായതാണെന്ന് സുപ്രീം കോടതി പറഞ്ഞു.ഈ വിഷയത്തില്‍ പൊതുതാത്പര്യമില്ലെന്നും ബെഞ്ച് വ്യക്തമാക്കി.പുരസ്‌ക്കാരവുമായി ബന്ധപ്പെട്ട് ജൂറി അംഗങ്ങള്‍ തന്നെ ചില ഇടപെടലുകളെ കുറിച്ച് വെളിപ്പെടുത്തല്‍ നടത്തിയെന്ന് ഹര്‍ജിക്കാരനായി ഹാജരായ അഭിഭാഷകന്‍ കെ.എന്‍ പ്രഭു വാദിച്ചു. എന്നാല്‍ ഈ വാദങ്ങള്‍ കോടതി കണക്കിലെടുത്തില്ല. തുടര്‍ന്ന് ഹര്‍ജി കോടതി തള്ളുകയായിരുന്നു.

കേസില്‍ നേരത്തെ ചലച്ചിത്ര അക്കാദമിക്കും ചെയര്‍മാന്‍ രഞ്ജിത്തിനും തടസഹര്‍ജി നല്‍കിയിരുന്നു. ചലച്ചിത്ര അക്കാദമിക്കും ചെയര്‍മാന്‍ രഞ്ജിത്തിനുമായി മുതിര്‍ന്ന അഭിഭാഷകന്‍ സുധി വാസുദേവന്‍, അഭിഭാഷകരായ അശ്വതി എം.കെ ,ശില്‍പ്പ സതീഷ് എന്നിവര്‍ ഹാജരായി. ചലച്ചിത്ര അവാര്‍ഡ് നിര്‍ണയത്തില്‍ പക്ഷഭേദമുണ്ടെന്നും അവാര്‍ഡുകള്‍ റദ്ദാക്കണമെന്നുമാണ് സംവിധായകനായ ലിജീഷ് മുല്ലേഴത്തിന്റെ ഹര്‍ജിയിലെ ആവശ്യപ്പെട്ടിരുന്നത്. അവാര്‍ഡുകള്‍ക്കെതിരെ ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ സംസ്ഥാനസര്‍ക്കാര്‍ അന്വേഷണം വേണമെന്നും ഹര്‍ജിയില്‍ പറഞ്ഞിരുന്നു. നേരത്തെ കേരള ഹൈക്കോടതിയും ഹര്‍ജി തള്ളിയിരുന്നു.

ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത് ജൂറി അംഗങ്ങളില്‍ നിയമവിരുദ്ധമായി ഇടപെട് അര്‍ഹതയുള്ളവരുടെ അവാര്‍ഡ് തടഞ്ഞെന്ന് ഹര്‍ജിയില്‍ ആരോപിച്ചിരുന്നത്. സിനിമ സംവിധായകനായ വിനയന്‍ പുറത്ത് വിട്ട നേമം പുഷ്പരാജിന്റെ ഓഡിയോ സംഭാഷണം സ്വജനപക്ഷപാതം നടത്തിയെന്നതിന്റെ തെളിവായി ഹര്‍ജിയില്‍ ചൂണ്ടികാട്ടിയിരുന്നു.തന്റെ സിനിമയ്ക്ക് പുരസ്‌കാരം കിട്ടാതിരിക്കാന്‍ രഞ്ജിത്ത് ഹീനമായ രാഷ്ട്രീയം കളിച്ചതിന് തന്റെ പക്കല്‍ തെളിവുണ്ടെന്നായിരുന്നു സംവിധായകന്‍ വിനയന്‍ നേരത്തെ ആരോപിച്ചിരുന്നു.

Top