ഗര്‍ഭനിരോധന മാര്‍ഗ്ഗം പരാജയപ്പെട്ടാല്‍ ഗര്‍ഭച്ഛിദ്രം അനുവദിക്കുന്ന നിയമത്തിനെതിരായ ഹര്‍ജി തള്ളി

ദില്ലി: ഗര്‍ഭനിരോധന മാര്‍ഗ്ഗം പരാജയപ്പെട്ടാല്‍ ഗര്‍ഭച്ഛിദ്രത്തിന് അനുമതി നല്‍കുന്നത് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഗര്‍ഭച്ഛിദ്ര വിരുദ്ധ എന്‍ജിഒ സമര്‍പ്പിച്ച ഹര്‍ജി തള്ളി സുപ്രീംകോടതി. സ്ത്രീയോ പങ്കാളിയോ ഉപയോഗിച്ച ഗര്‍ഭനിരോധന മാര്‍ഗ്ഗം പരാജയപ്പെട്ടാല്‍ ഗര്‍ഭച്ഛിദ്രം അനുവദിക്കുന്ന മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രഗ്‌നന്‍സി നിയമത്തിലെ വ്യവസ്ഥ നീക്കംചെയ്യണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് ജെ.ബി പര്‍ദിവാല, ജസ്റ്റിസ് മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കാന്‍ വിസമ്മതിച്ചത്.

സൊസൈറ്റി ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് അണ്‍ബോണ്‍ ചൈല്‍ഡ് എന്ന സംഘടനയാണ് ഹര്‍ജി സമര്‍പ്പിച്ചത്. 1971ലെ മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രെഗ്‌നന്‍സി ആക്ടിലെ സെക്ഷന്‍ 3(2)ലെ വ്യവസ്ഥ ഭരണഘടനയുടെ 14, 21 വകുപ്പുകള്‍ക്കെതിരാണെന്നും അതിനാല്‍ ഭരണഘടനാ വിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്നുമായിരുന്നു ആവശ്യം. ഗര്‍ഭം സ്ത്രീയുടെ മാനസികാരോഗ്യത്തെ ബാധിക്കുന്നതാണെങ്കില്‍ ഗര്‍ഭച്ഛിദ്രം നടത്താമെന്ന് സെക്ഷന്‍ 3(2) പറയുന്നു. ഏതെങ്കിലും ഗര്‍ഭ നിരോധന മാര്‍ഗ്ഗം പരാജയപ്പെട്ടതിന്റെ ഫലമായി സ്ത്രീ ഗര്‍ഭം ധരിച്ചാല്‍, അത് സ്ത്രീയുടെ മാനസികാരോഗ്യത്തെ ബാധിക്കുമെന്ന അവസ്ഥ വന്നാല്‍ ഗര്‍ഭച്ഛിദ്രം അനുവദിക്കാമെന്ന് ഈ നിയമത്തില്‍ വ്യവസ്ഥയുണ്ട്. ഈ വ്യവസ്ഥയ്‌ക്കെതിരെയാണ് എന്‍ജിഒ ഹര്‍ജി നല്‍കിയത്.

ഈ ഹര്‍ജി പരിഗണിക്കാന്‍ സുപ്രീംകോടതി ബെഞ്ച് വിമുഖത പ്രകടിപ്പിച്ചു. ചീഫ് ജസ്റ്റിസ് ഹര്‍ജിക്കാരോട് ഹൈക്കോടതിയെ സമീപിക്കാന്‍ ആവശ്യപ്പെട്ടു. നിങ്ങള്‍ മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രഗ്‌നന്‍സി വ്യവസ്ഥകളെ (എംടിപി) വെല്ലുവിളിക്കുകയാണെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. ഇതൊരു പൊതുതാല്‍പര്യ ഹര്‍ജിയാണെന്ന് ഹര്‍ജിക്കാരുടെ അഭിഭാഷകന്‍ വാദിച്ചു. അപ്പോള്‍ ചീഫ് ജസ്റ്റിസിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു- ‘എംടിപി നിയമത്തിലെ വ്യവസ്ഥകളെ ചോദ്യംചെയ്യുന്നതില്‍ എന്ത് പൊതുതാല്‍പര്യം? പാര്‍ലമെന്റ് സ്ത്രീകളുടെ താല്‍പ്പര്യത്തിനായി ചില വ്യവസ്ഥകള്‍ ഉണ്ടാക്കിയിട്ടുണ്ട്. നിങ്ങള്‍ ഈ ഹര്‍ജി പിന്‍വലിച്ച് മറ്റു പ്രതിവിധികള്‍ തേടുന്നതാണ് നല്ലത്.’ ഇതോടെ ഹര്‍ജി പിന്‍വലിക്കാന്‍ തയ്യാറാണെന്ന് അഭിഭാഷകന്‍ അറിയിച്ചു. ഹര്‍ജിക്കാരന് ആവശ്യമെങ്കില്‍ ഹൈക്കോടതിയെ സമീപിക്കാമെന്ന് കോടതി വ്യക്തമാക്കി.

Top