തെരുവ് നായ്ക്കള്‍ക്ക് ഭക്ഷണം നല്‍കുന്നവര്‍ അവയെ ദത്തെടുക്കണമെന്ന ബോംബെ ഹൈക്കോടതി നിര്‍ദേശം തള്ളി സുപ്രീംകോടതി

ദില്ലി: തെരുവ് നായ്ക്കള്‍ക്ക് ഭക്ഷണം നല്‍കുന്നവര്‍ അവയുടെ സംരക്ഷണം കൂടി ഏറ്റെടുക്കണമെന്ന നിർദേശത്തിനെതിരെ സുപ്രീം കോടതി. ബോംബെ ഹൈക്കോടതിയുടെ ഈ നിര്‍ദേശം അമ്പരപ്പിക്കുന്നതെന്ന് സുപ്രീംകോടതി പറഞ്ഞു. ഭക്ഷണം നല്‍കുന്നവര്‍ ദത്തെടുക്കണം എന്നാവശ്യപ്പെടുന്നത് പ്രായോഗികമല്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. തെരുവുനായ്ക്കള്‍ക്ക് ഭക്ഷണം നല്‍കുന്നവര്‍ അവയുടെ സംരക്ഷണവും ഏറ്റെടുക്കണമന്ന ബോംബെ ഹൈക്കോടതിയുടെ നാഗ്പൂർ ബെഞ്ചിന്റെ നിര്‍ദേശം സുപ്രീംകോടതി സ്റ്റേ ചെയ്തു.

തെരുവ് നായ്ക്കള്‍ക്കു പൊതു സ്ഥലങ്ങളില്‍ ഭക്ഷണം നല്‍കുന്നത് വിലക്കിയ ബോംബെ ഹൈക്കോടതി നടപടിക്കെതിരേ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതി നടപടി. നാഗ്പൂര്‍ മുനിസിപ്പല്‍ കോര്‍പറേഷന്‍ നിശ്ചയിക്കുന്ന പ്രത്യേക സ്ഥലങ്ങളല്‍ വെച്ചു മാത്രമേ തെരുവ് നായ്ക്കള്‍ക്കു ഭക്ഷണം നല്‍കാവൂ എന്നും സുപ്രീംകോടതി വ്യക്തമാക്കി. ഇത്തരം സ്ഥലങ്ങള്‍ കണ്ടെത്തി അടാളപ്പെടുത്തുന്നത് വരെ തെരുവ് നായ്ക്കള്‍ ഉണ്ടാക്കുന്ന ശല്യങ്ങള്‍ പരിഹരിക്കേണ്ട ഉത്തരവാദിത്തം മുനിസിപ്പല്‍ കോര്‍പറേഷനാണെന്നും കോടതി പറഞ്ഞു.

ജസ്റ്റീസുമാരായ സഞ്ജീവ് ഖന്ന, ജെ.കെ മഹേശ്വരി എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചിന്റെയാണ് നിർദ്ദേശം. നായ പ്രേമികള്‍ തെരുവ് നായ്ക്കള്‍ക്കു ഭക്ഷണം നല്‍കുന്നതിലൂടെ പൊതുജനങ്ങള്‍ക്ക് ശല്യമുണ്ടാക്കരുതെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു. ഇത്തരത്തില്‍ ശല്യമുണ്ടാക്കുന്നവര്‍ക്കെതിരേ നടപടിയെടുക്കേണ്ടതും മുനിസിപ്പല്‍ കോര്‍പറേഷന്‍ അധികൃതരുടെ ഉത്തരവാദിത്തമാണ്. എന്നാല്‍, പിഴ ചുമത്തുന്നത് പോലുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കരുതെന്നും നിര്‍ദേശിച്ചു. വിഷയത്തില്‍ മറുപടി നല്‍കാന്‍ കേന്ദ്ര മൃഗക്ഷേമ ബോര്‍ഡിനോടും നാഗ്പൂര്‍ മുനിസിപ്പല്‍ കോര്‍പറേഷനോടും ജസ്റ്റീസുമാരായ സഞ്ജീവ് ഖന്ന, ജെ.കെ മഹേശ്വരി എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ച് നിര്‍ദേശിച്ചു.

Top