പ്രിയ വര്‍ഗീസിന്റെ നിയമനം ശരിവെച്ച ഹൈക്കോടതി വ്യാഖ്യാനം ശരിയല്ലെന്ന് സുപ്രീം കോടതി നിരീക്ഷണം

ഡല്‍ഹി: കണ്ണൂര്‍ സര്‍വ്വകലാശാല അസ്സോസിയേറ്റ് പ്രൊഫസര്‍ തസ്തികയില്‍ പ്രിയ വര്‍ഗീസിന്റെ നിയമനം ശരിവെച്ച ഹൈക്കോടതിവിധിക്ക് സുപ്രീം കോടതി ജഡ്ജിയുടെ നിരീക്ഷണം. യു.ജി.സി. ചട്ടം തെറ്റായി വ്യാഖ്യാനിച്ചുവെന്നാണ് ഹര്‍ജി പരിഗണിച്ച ബെഞ്ചിലെ അംഗമായ ജസ്റ്റിസ് സഞ്ജയ് കരോള്‍ നിരീക്ഷിച്ചത്.

നിയമനം ശരിവെച്ച ഹൈക്കോടതിവിധിക്ക് എതിരായ ഹര്‍ജി ഇന്ന് സുപ്രീം കോടതി പരിഗണനയ്ക്ക് എടുത്തപ്പോള്‍ മറുപടി സത്യവാങ്മൂലം ഫയല്‍ ചെയ്യാന്‍ സമയം വേണമെന്ന് യു.ജി.സി. ആവശ്യപ്പെട്ടു. ഈ ആവശ്യം അംഗീകരിച്ച് രണ്ടാഴ്ചത്തെ സമയം മറുപടി സത്യവാങ്മൂലം ഫയല്‍ ചെയ്യാന്‍ യു.ജി.സിക്ക് സുപ്രീം കോടതി അനുവദിച്ചു. അതിന് മറുപടി നല്‍കാന്‍ രണ്ടാഴ്ചത്തെ സമയം പ്രിയ വര്‍ഗീസിനും കോടതി അനുവദിച്ചു.

ജസ്റ്റിസുമാരായ ജെ.കെ. മഹേശ്വരി, സഞ്ജയ് കരോള്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ഇതിനുശേഷമാണ് ബെഞ്ചിലെ അംഗമായ ജസ്റ്റിസ് സഞ്ജയ് കരോള്‍ ഹൈക്കോടതിവിധിക്ക് എതിരെ പരാമര്‍ശം നടത്തിയത്. യു.ജി.സി. ചട്ടത്തിലെ 3 (11) വകുപ്പ് തെറ്റായി വ്യാഖ്യാനിച്ചാണ് ഹൈക്കോടതി ഉത്തരവിറക്കിയത് എന്നായിരുന്നു ജസ്റ്റിസ് സഞ്ജയ് കരോളിന്റെ നിരീക്ഷണം.

എന്നാല്‍ ഇതിന് മറുപടിയുണ്ടെന്ന് പ്രിയ വര്‍ഗീസിനുവേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ നിധീഷ് ഗുപ്ത പറഞ്ഞു. പ്രിയ വര്‍ഗീസിന് വേണ്ടി സുപ്രീം കോടതിയില്‍ ഇന്ന് ഹാജരായത് സീനിയര്‍ അഭിഭാഷകന്‍ നിധീഷ് ഗുപ്ത, അഭിഭാഷകരായ കെ.ആര്‍. സുഭാഷ് ചന്ദ്രന്‍, ബിജു പി. രാമന്‍ എന്നിവരായിരുന്നു. കേരള ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് ജവാഹര്‍ലാല്‍ ഗുപ്തയുടെ മകന്‍ ആണ് സീനിയര്‍ അഭിഭാഷകന്‍ നിതീഷ് ഗുപ്ത.

യുജിസിക്ക് വേണ്ടി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കെ.എം. നടരാജ്, സംസ്ഥാന സര്‍ക്കാരിന് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ ജയ്ദീപ് ഗുപ്ത, സ്റ്റാന്‍ഡിങ് കോണ്‍സല്‍ സി.കെ. ശശി എന്നിവര്‍ ഹാജരായി. കേസിലെ മറ്റ് കക്ഷികള്‍ക്ക് വേണ്ടി പി. എസ്. സുധീര്‍, എം.എസ്. വിഷ്ണു ശങ്കര്‍, അതുല്‍ ശങ്കര്‍ വിനോദ് എന്നിവര്‍ ഹാജരായി.

Top