ദില്ലി ഓര്‍ഡിനന്‍സിനെതിരെ എഎപി സര്‍ക്കാരിന്റെ ഹര്‍ജി സുപ്രീം കോടതി ഭരണഘടന ബെഞ്ചിന് വിട്ടേക്കും

ദില്ലി : ദില്ലി ഓര്‍ഡിനന്‍സിനെതിരെ എഎപി സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി ഭരണഘടന ബെഞ്ചിന് വിട്ടേക്കും. ഹര്‍ജിയില്‍ വിശദവാദം കേള്‍ക്കാന്‍ കോടതി വ്യാഴാഴ്ചത്തേക്ക് മാറ്റി. ചീഫ് ജസ്റ്റിസ് ഡി. വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റെയാണ് നടപടി. എന്നാല്‍ ഭരണഘടന ബെഞ്ചിന് ഹര്‍ജി വിട്ടാല്‍ വേഗത്തില്‍ തീര്‍പ്പുണ്ടാകില്ലെന്ന് ദില്ലി സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

നേരത്തെ ഉദ്യോഗസ്ഥരുടെ നിയന്ത്രണം സംബന്ധിച്ച് തര്‍ക്കത്തില്‍ ദില്ലി സര്‍ക്കാരിന് അനൂകുലമായ വിധി സുപ്രീം കോടതി ഭരണഘടന ബെഞ്ചാണ് നല്‍കിയത്. ഇതിനെ മറിക്കടയ്ക്കാനാണ് കേന്ദ്രം പുതിയ ഓര്‍ഡിനന്‍സ് കൊണ്ടുവന്നത്. ഓഡിനന്‍സ് ഈ വര്‍ഷക്കാല സമ്മേളനത്തില്‍ പാര്‍ലമെന്റിന്റെ മേശപുറത്ത് വെക്കുമെന്ന് കേന്ദ്രം കോടതിയെ അറിയിച്ചു. അതേ സമയം ഡിഇ ആര്‍ സി ചെയര്‍മാന്റെ നിയമനം സംബന്ധിച്ച വിഷയത്തില്‍ ദില്ലി ലഫ് ഗവര്‍ണറും മുഖ്യമന്ത്രിയും സമവായത്തില്‍ എത്തണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. ഇരുവരും രാഷ്ട്രീയത്തിനപ്പുറം നിലപാടിലേക്ക് മാറണമെന്ന് കോടതി ഉപദേശിച്ചു. രണ്ടു പേരും ചേര്‍ന്ന് നടത്തി അധ്യക്ഷ സ്ഥാനത്തേക്ക് ഒരു പേര് നിര്‍ദ്ദേശിക്കാന്‍ കോടതി ആവശ്യപ്പെട്ടു.

അതേ സമയം, ദില്ലി ഓര്‍ഡിനന്‍സില്‍ ആം ആദ്മി പാര്‍ട്ടിയെ പിന്തുണക്കാന്‍ കോണ്‍ഗ്രസില്‍ ധാരണയായി. പാര്‍ലമെന്റ് നയരൂപീകരണ സമിതി യോഗത്തിലാണ് തീരുമാനം. ദില്ലി സര്‍ക്കാരിന്റെ അധികാര പരിധിയില്‍ കൈ കടത്തുന്നതിന് വേണ്ടിയാണ് കേന്ദ്രം ഓര്‍ഡിനന്‍സ് കൊണ്ടുവന്നതെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍. ഇതിനെതിരെ പാര്‍ലമെന്റില്‍ ആം ആദ്മി പാര്‍ട്ടി അവതരിപ്പിക്കുന്ന ബില്ലിനെ കോണ്‍ഗ്രസ് അടക്കമുളള പ്രതിപക്ഷം പിന്തുണയ്ക്കും.

Top