സുപ്രീം കോടതി വിധി പ്രതീക്ഷയുടെയും പുരോഗതിയുടെയും ഐക്യത്തിന്റെയും പ്രഖ്യാപനം; പ്രധാനമന്ത്രി

ഡല്‍ഹി: ജമ്മു കശ്മീരിന് പ്രത്യേക പദവി ഇല്ലെന്ന സുപ്രീം കോടതി വിധിയില്‍ പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. വിധി ചരിത്രപരം. പാര്‍ലമെന്റ് തീരുമാനത്തെ ഭരണഘടനാപരമായി ഉയര്‍ത്തിപിടിക്കുന്നതാണ് വിധി. പ്രതീക്ഷയുടെയും പുരോഗതിയുടെയും ഐക്യത്തിന്റെയും പ്രഖ്യാപനമെന്നും മോദി പറഞ്ഞു.

കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ കേന്ദ്ര നടപടി സുപ്രീം കോടതി ശരിവെക്കുകയായിരുന്നു. ഇന്ത്യയുടെ ഭാഗമായതോടെ കശ്മീരിന് പ്രത്യേക പരമാധികാരം ഇല്ലാതായെന്നും രാജ്യത്തെ എല്ലാ നിയമങ്ങളും കശ്മീരിനും ബാധകമാണെന്നും കോടതി പറഞ്ഞു. ആര്‍ട്ടിക്കിള്‍ 370 യുദ്ധസാഹചര്യം കണക്കിലെടുത്ത് താത്ക്കാലികമായി ഏര്‍പ്പെടുത്തിയ സംവിധാനമായിരുന്നുവെന്നും കോടതി നിരീക്ഷിച്ചു. ഭരണഘടനയുടെ അനുച്ഛേദം 370 നിര്‍വ്വചിക്കുന്ന പ്രത്യേക പദവി റദ്ദാക്കിയ നടപടി ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജികളിലാണ് വിധി.

ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ചിന്റേതാണ് വിധി. കേസില്‍ മൂന്ന് വിധി ന്യായങ്ങള്‍ ആണ് ഉള്ളത്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കാന്‍ രാഷ്ട്രപതിക്ക് അധികാരമുണ്ട്. ഭരണഘടനാ അസംബ്ലിയുടെ ശുപാര്‍ശയില്ലാതെയും രാഷ്ട്രപതിക്ക് 370-ാം വകുപ്പ് മാറ്റാന്‍ അധികാരമുണ്ടെന്ന് കോടതി വ്യക്തമാക്കി. നിയമസഭ പിരിച്ചു വിട്ടതില്‍ ഇടപെടാനാവില്ല എന്നും കോടതി പറഞ്ഞു. ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി എത്രയും വേഗം പുനഃസ്ഥാപിക്കണമെന്നും 2024 സെപ്തംബര്‍ 30 ന് അകം തിരഞ്ഞെടുപ്പ് നടത്തണമെന്നും കോടതി നിര്‍ദേശിച്ചു. ലഡാക്ക് കേന്ദ്ര ഭരണപ്രദേശമാക്കിയ നടപടിയും സുപ്രീം കോടതി ശരിവച്ചു.

Top