കോടതി വിധി പട്ടിക ജാതി, പട്ടിക വര്‍ഗത്തിന് എതിരല്ലെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: കോടതി വിധി പട്ടിക ജാതി, പട്ടിക വര്‍ഗത്തിന് എതിരല്ലെന്ന് സുപ്രീംകോടതി. നിരപരാധികള്‍ ശിക്ഷിക്കപ്പെടാതിരിക്കാന്‍ വേണ്ടിയാണ് നിര്‍ദേശം നല്‍കിയത്. പരാതിയുടെ വിശ്വാസ്യത ആദ്യം പരിഗണിക്കുന്നതില്‍ എന്താണ് തെറ്റെന്നും സുപ്രീം കോടതി ചോദിച്ചു. അതേസമയം, കോടതി വിധി തെറ്റിദ്ധാരണ ഉണ്ടാക്കുന്നതെന്ന് അറ്റോര്‍ണി ജനറല്‍ ആരോപിച്ചു.

എസ്‌സി, എസ്ടി നിയമത്തിന്റെ ദുരുപയോഗം തടയാനുള്ള കോടതി വിധിക്കെതിരായി കേന്ദ്രസര്‍ക്കാര്‍ നല്‍കിയ പുനഃപരിശോധന ഹര്‍ജി പരിഗണിക്കവെയാണ് ചീഫ് ജസ്‌റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ ഡിവിഷൻ ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്.
പരാതി ലഭിച്ചാൽ അതിന്മേൽ ഉടൻ നടപടികൾ എടുക്കുന്നത് അസ്വാഭാവിക നടപടിയാണ്. പരാതിയിലെ ആരോപണങ്ങളുടെ വിശ്വാസ്യത പരിശോധിക്കണം. അതിൽ തെറ്റ് എന്താണെന്നും ഡ‌ിവിഷൻ ബെഞ്ച് ചോദിച്ചു. നിരപരാധികൾ ശിക്ഷിക്കപ്പെടാൻ പാടില്ലെന്നത് കൂടി കണക്കിലെടുത്താണ് ഇത്തരമൊരു വിധിയെന്നും ദീപക് മിശ്ര വ്യക്തമാക്കി. കേസ് പരിഗണിക്കുന്നത് പത്ത് ദിവസത്തേക്ക് കോടതി മാറ്റിവച്ചു.

പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കെതിരേയുള്ള പീഡനങ്ങള്‍ ചെറുക്കുന്നതിനുള്ള നിയമം ദുരുപയോഗം ചെയ്യുന്നെന്നാണ് സുപ്രീംകോടതി നേരത്തേ ചൂണ്ടിക്കാട്ടിയിരുന്നത്. പരാതികളില്‍ പ്രാഥമിക അന്വേഷണം നടത്തണമെന്നും അറസ്റ്റിനു മുമ്പ് ബന്ധപ്പെട്ട അധികാരികളില്‍ നിന്ന് അനുമതി വാങ്ങണമെന്നും രണ്ടംഗ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.

Top