ഡാര്‍ജലിംഗില്‍ നിന്നു സേനയെ പിന്‍വലിക്കാന്‍ കേന്ദ്രത്തിന് സുപ്രീംകോടതിയുടെ അനുമതി

supreame court

ന്യൂഡല്‍ഹി: പശ്ചിമ ബംഗാളിലെ ഡാര്‍ജലിംഗില്‍ നിന്നു കേന്ദ്ര സൈന്യത്തെ ഭാഗികമായി പിന്‍വലിക്കാന്‍ ആഭ്യന്തരമന്ത്രായത്തിന് സുപ്രീം കോടതിയുടെ അനുമതി.

ഹിമാചല്‍ പ്രദേശ്, ഗുജറാത്ത് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പരിഗണിച്ചാണു നടപടി.

പ്രശ്നബാധിതമായ ഡാര്‍ജലിംഗില്‍ നിന്നു 10 സിഎപിഎഫ് കന്പനികളെ പിന്‍വലിക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം തീരുമാനിച്ചിരുന്നു. 15 കന്പനി സൈന്യത്തെയായിരുന്നു പ്രദേശത്തു വിന്യസിച്ചിരുന്നത്. തീരുമാനത്തെ മുഖ്യമന്ത്രി മമത ബാനര്‍ജി എതിര്‍ത്തു. ഇതോടെ പിന്‍വലിക്കുന്ന കമ്പനികളുടെ എണ്ണം ഏഴായി ചുരുക്കി.

പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ കല്‍ക്കട്ട ഹൈക്കോടതിയില്‍ ഈ തീരുമാനം ചോദ്യം ചെയ്തു നല്‍കിയ ഹര്‍ജിയിയില്‍ കേന്ദ്രത്തിന്റെ തീരുമാനം സ്റ്റേ ചെയ്തു. ഇതിനെതിരേ കേന്ദ്രം സുപ്രീം കോടതിയില്‍ നല്‍കിയ അപ്പീലിലാണ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചിന്റെ നടപടി.

പ്രശ്ന ബാധിത മേഖലകളില്‍നിന്നു സായുധ സൈന്യത്തെ പിന്‍വലിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം രാഷ്ട്രീയ പ്രേരിതവും ജനാധിപത്യ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി ആരോപിച്ചിരുന്നു.

കഴിഞ്ഞ കുറേ മാസങ്ങളായി ഗൂര്‍ഖാലാന്‍ഡ് പ്രക്ഷോഭകാരികള്‍ ഡാര്‍ജലിംഗില്‍ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുന്നുണ്ട്. ഈ പ്രതിഷേധങ്ങള്‍ അക്രമാസക്തമായതിനെ തുടര്‍ന്നു ജൂണ്‍ 12നാണ് പ്രദേശത്ത് അര്‍ധസൈനിക വിഭാഗത്തെ ക്രമസമാധാന പാലനത്തിനായി നിയോഗിച്ചത്.

Top