ഗര്‍ഭപാത്രം നിര്‍ബന്ധിച്ച് നീക്കം ചെയ്യുന്നതിനെതിരായ ഹർജിയിൽ സുപ്രീംകോടതി കേന്ദ്രനിലപാട് തേടി

ദില്ലി: നിയവിരുദ്ധമായി നിര്‍ബന്ധിച്ച് ഗര്‍ഭപാത്രം നീക്കം ചെയ്യുന്നതിനെതിരേ നല്‍കിയ ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് തേടി സുപ്രീംകോടതി. ബിഹാര്‍, ചത്തീസ്ഗഡ്, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട വനിതകളുടെ ഗര്‍ഭപാത്രം നീക്കം ചെയ്യുന്നതിനെതിരേയാണ് ഹര്‍ജി. നേരത്തെ ഹര്‍ജി പരിഗണിച്ചപ്പോള്‍ കേന്ദ്ര സര്‍ക്കാരിനോട് മറുപടി സത്യവാങ്മൂലം നല്‍കാന്‍ ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചിരുന്നെങ്കിലും ഇത് സമർപ്പിച്ചിരുന്നില്ല.

ഇത് കേന്ദ്ര സര്‍ക്കാരിനെ സംബന്ധിച്ച വിഷയമായതിനാൽ കേന്ദ്രത്തിന്റെ മറുപടി കൂടി അനിവാര്യമാണെന്ന് പരാതിക്കാരുടെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. തുടര്‍ന്നാണ് കേസില്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഐശ്വര്യ ഭാട്ടിയുടെ സഹായം ആവശ്യമാണെന്ന് നിര്‍ദേശിച്ച ചീഫ് ജസ്റ്റീസ് കേന്ദ്ര ആരോഗ്യ മന്ത്രാലയം ഉടന്‍ മറുപടി സത്യവാങ്മൂലം നല്‍കാൻ നിർദ്ദേശം നൽകിയത്.

Top