ശശികലയ്ക്ക് പരോളില്ല; അപേക്ഷ തള്ളി കര്‍ണാടക ജയില്‍ വകുപ്പ് സൂപ്രണ്ടന്റ്

ബംഗളുരു: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ജയിലില്‍ കഴിയുന്ന വി.കെ. ശശികലയുടെ പരോള്‍ അപേക്ഷ തള്ളി.

കരള്‍രോഗത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ കഴിയുന്ന ഭര്‍ത്താവ് എം.നടരാജനെ പരിചരിക്കുന്നതിനു 15 ദിവസത്തെ പരോളിനാണ് ശശികല അപേക്ഷിച്ചിരുന്നത്.

എന്നാല്‍ കര്‍ണാടക ജയില്‍ വകുപ്പ് സൂപ്രണ്ടന്റ് സോമശേഖര്‍ അപേക്ഷയില്‍ വേണ്ടത്ര വിവരങ്ങളില്ലെന്നു ചൂണ്ടിക്കാട്ടി ചൊവ്വാഴ്ച അപേക്ഷ തള്ളുകയായിരുന്നെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

കൂടുതല്‍ വിവരങ്ങളും സത്യവാങ്മൂലവും ഉള്‍പ്പെടുത്തി പുതിയ അപേക്ഷ സമര്‍പ്പിക്കാന്‍ ശശികലയോടു നിര്‍ദേശിച്ചിട്ടുണ്ട്. അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ അഴിക്കുള്ളിലായ ശശികലയെ ബംഗളുരൂവിലെ പരപ്പന അഗ്രഹാര ജയിലിലാണു പാര്‍പ്പിച്ചിട്ടുള്ളത്.

അതേസമയം, ചെന്നൈയിലെ ആശുപത്രിയില്‍ കഴിയുന്ന നടരാജന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണു സൂചന. കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കു വിധേയനാകാനിരിക്കുകയാണു നടരാജന്‍.

Top