സൂര്യനും ഇല്ലാതാകും; ഇനി 500 കോടി വർഷത്തെ ആയുസു കൂടി മാത്രം

ഭൂമിയിലെ ജീവന്റെ ഊർജ ഉറവിടമായി എക്കാലവും സൂര്യനിങ്ങനെ എരിഞ്ഞുനിൽക്കുമോ. ഇല്ലെന്നു മാത്രമല്ല, സൂര്യൻ അതിന്റെ ആയുസിന്റെ പകുതി എത്തിയിരിക്കുകയാണെന്ന മുന്നറിയിപ്പ് കൂടി നൽകുന്നുണ്ട് യൂറോപ്യൻ സ്‍പേസ് ഏജൻസി. ഗയ സ്‍പേസ്ക്രാഫ്റ്റിൽ നിന്നുള്ള ഡേറ്റ ഉദ്ധരിച്ചാണ് സ്‍പേസ് ഏജൻസി സൂര്യന്റെ ആയുസ് സംബന്ധിച്ച് പറയുന്നത്. സൂര്യൻ ക്രമേണ നശിക്കുകയാണെന്നാണ് സ്‍പേസ് ഏജൻസിയുടെ റിപ്പോർട്ടുകൾ പറയുന്നത്. സൂര്യന് 450 കോടി വർഷത്തെ പഴക്കമുണ്ടെന്നാണ് കണക്കാക്കുന്നത്. 500 കോടി വർഷത്തെ ആയുസു കൂടിയാണ് സൂര്യന് പ്രതീക്ഷിക്കാനാകുക എന്ന് സ്‍പേസ് ഏജൻസിയുടെ റിപ്പോർട്ട് ചൂണ്ടികാണിക്കുന്നു.

നിരന്തരമായ അണു സംയോജന പ്രക്രിയയിലൂടെ സൂര്യനിൽ നിന്നുണ്ടാകുന്ന ഊർജമാണ് ഭൂമിയിലെ ജീവൻ നിലനിർത്തുന്നത്. ഹൈഡ്രജന്റെ അളവ് കുറയുന്നത് സൂര്യനെ ബാധിക്കുമെന്നാണ് പ്രവചനം. സൂര്യന്റെ അകക്കാമ്പ് കൂടുതൽ ചുരുങ്ങുകയും പുറം വികസിക്കുകയും ചുവപ്പ് നിറം കൂടിക്കൂടി വരികയും ചെയ്യും. ഹൈഡ്രജന്റെയും ഹീലിയത്തിന്റെ കുറവ് സൂര്യന്റെ അന്ത്യത്തിലേക്ക് നയിക്കും. ഒടുവിൽ തണുത്തുറഞ്ഞ് സൂര്യനും കഥാവശേഷമാകുമെന്നാണ് യൂറേപ്യൻ സ്‍പേസ് ഏജൻസി പറയുന്നത്.

Top