പകുതിയും കത്തി തീർന്ന സൂര്യൻ . . . അവസാനത്തോട് അടുക്കുന്നത് ഭൂമി !

ഭൂമി തന്നെ ഇല്ലാതാവുന്ന ഒരവസ്ഥ അത് നാം ഒരിക്കലും ചിന്തിക്കാന്‍ പോലും ഇഷ്ടപ്പെടാത്ത കാര്യമാണ്. എന്നാല്‍, സംഭവിക്കാന്‍ പോകുന്നത് അതു തന്നെയാണ്. ഭൂമിയിലെ ജീവന്റെ ഊര്‍ജ ഉറവിടമായി എക്കാലവും സൂര്യനിങ്ങനെ കത്തിനില്‍ക്കില്ല. അത് കത്തി തീരാന്‍ പോവുകയാണ്.സൂര്യന്‍ അതിന്റെ ആയുസിന്റെ പകുതി എത്തിയിരിക്കുകയാണെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തു വന്നു കൊണ്ടിരിക്കുന്നത്. യൂറോപ്യന്‍ സ്‌പേസ് ഏജന്‍സി ഗയ സ്‌പേസ്‌ക്രാഫ്റ്റില്‍ നിന്നുള്ള ഡേറ്റ ഉദ്ധരിച്ചാണ് സ്‌പേസ് ഏജന്‍സി സൂര്യന്റെ ആയുസ് സംബന്ധിച്ച് നിര്‍ണ്ണായക വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.

സൂര്യന് ഏകദേശം, 450 കോടി വര്‍ഷത്തെ പഴക്കമുണ്ടെന്നാണ് കണക്കാക്കുന്നത്. നിരന്തരമായ അണു സംയോജന പ്രക്രിയയിലൂടെ അതായത് ന്യൂക്ലിയര്‍ ഫ്യൂഷനിലൂടെ സൂര്യനില്‍ നിന്നുണ്ടാകുന്ന ഊര്‍ജമാണ് ഭൂമിയിലെ ജീവന്‍ നിലനിര്‍ത്തി വരുന്നത്. അത് നിലച്ചാല്‍, സര്‍വ്വവും നിശ്ചലമാകും. സൂര്യന്‍ ക്രമേണ നശിക്കുകയാണെന്നാണ്.സ്‌പേസ് ഏജന്‍സിയുടെ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. 500 കോടി വര്‍ഷത്തെ ആയുസു കൂടിയാണ് പരമാവധി സൂര്യന് പ്രതീക്ഷിക്കാനാകുക.
ഹൈഡ്രജന്റെ അളവ് കുറയുന്നത് സൂര്യനെ ബാധിക്കുമെന്നാണ് മുന്നറിയിപ്പ്.ഇതോടെ, സൂര്യന്റെ അകക്കാമ്പ് കൂടുതല്‍ ചുരുങ്ങുകയും പുറം വികസിക്കുകയും  ചുവപ്പ് നിറം കൂടിക്കൂടി വരികയും ചെയ്യും.ഹൈഡ്രജന്റെയും ഹീലിയത്തിന്റെ കുറവ്  സൂര്യന്റെ അന്ത്യത്തിലേക്കാണ് നയിക്കുന്നത്. ഒടുവില്‍ തണുത്തുറഞ്ഞ് സൂര്യനും കഥാവശേഷമാകുമെന്നാണ്, യൂറേപ്യന്‍ സ്‌പേസ് ഏജന്‍സി ചൂണ്ടിക്കാണിച്ചിരിക്കുന്നത്. ഇങ്ങനെ സൂര്യന്‍ ക്രിസ്റ്റലായി മാറണമെങ്കില്‍ ഏകദേശം 500 കോടി വര്‍ഷമെങ്കിലുമെടുക്കും എന്നതു മാത്രമാണ് നമുക്ക് ആശ്വസിക്കാനുള്ളത്. അതിനും മുന്‍പേ തന്നെ ഭൂമിയിലെ ജീവജാലങ്ങളെല്ലാം ഇല്ലാതാകും എന്നതും ഒരു യാഥാര്‍ത്ഥ്യമാണ്.

സൂര്യന്‍ ക്രിസ്റ്റല്‍ രൂപത്തിലാകുമെന്ന നിഗമനത്തില്‍ 50 വര്‍ഷം മുന്‍പേ തന്നെ ഗവേഷകര്‍ എത്തിയിരുന്നു. എന്നാല്‍, അതിനു ചേര്‍ന്ന തെളിവുകള്‍ മാത്രം കിട്ടിയിരുന്നില്ല. തെളിവിനു വേണ്ടി അവര്‍ ഒരു കാര്യം ചെയ്തു. ഗയ സ്‌പെയ്‌സ് ടെലസ്‌കോപ് വഴി  ഭൂമിക്കു ചുറ്റുമുള്ള 15,000 വെള്ളക്കുള്ളന്‍ നക്ഷത്രങ്ങളെയാണ് നിരീക്ഷിച്ചിരുന്നത്. ഭൂമിയില്‍ നിന്നും ഏകദേശം  300 പ്രകാശ വര്‍ഷം അകലെയുള്ളവയായിരുന്നു ഇവയെല്ലാം. ഇതില്‍ നിന്നാണ് ഒരു കാര്യം മനസ്സിലായത്. മിക്ക നക്ഷത്രങ്ങളും  തണുത്തുറഞ്ഞ് ക്രിസ്റ്റല്‍ പരുവത്തിലേക്ക് ആയിക്കഴിഞ്ഞു എന്നതായിരുന്നു അത്. എല്ലാ വെള്ളക്കുള്ളന്‍ നക്ഷത്രങ്ങളും ഒരിക്കല്‍ ക്രിസ്റ്റല്‍ രൂപത്തിലേക്ക് മാറുമെന്നത് ഉറപ്പ്. വമ്പന്‍ നക്ഷത്രങ്ങളായിരിക്കും ഏറ്റവും ആദ്യം ക്രിസ്റ്റലാവുക. നിലവിലെ സാഹചര്യത്തില്‍  ക്രിസ്റ്റല്‍ രൂപത്തിലുള്ള കോടിക്കണക്കിനു നക്ഷത്രങ്ങള്‍ നമ്മുടെ ഗാലക്‌സിയിലുണ്ടാകുമെന്നും ഗവേഷകര്‍ വ്യക്തമാക്കിയിട്ടുണ്ട്.

500 കോടി വര്‍ഷത്തിനകം സൂര്യനില്ലാതെയും ജീവിക്കാന്‍ സാധിക്കുന്ന മറ്റേതെങ്കിലും ഗ്രഹം കണ്ടു പിടിക്കാനുള്ള തീവ്രശ്രമത്തിലാണിപ്പോള്‍ നാസ ഉള്‍പ്പെടെയുള്ള ബഹിരാകാശ ഗവേഷണ ഏജന്‍സികള്‍. ‘ചൊവ്വ’യാണ് ഇക്കാര്യത്തില്‍ ഏറെ പ്രതീക്ഷ നല്‍കുന്നത്. ചൊവ്വ പര്യവേഷണത്തിനായി തയ്യാറെടുക്കുന്ന അമേരിക്ക, യൂറോപ്പ്, ചൈന എന്നിവിടങ്ങളില്‍ നിന്നുള്ള ബഹിരാകാശ യാത്രികര്‍ക്ക് ചന്ദ്രനിലെ ജലത്തിന്റെ സാന്നിദ്ധ്യം ജീവന്‍ നിലനിര്‍ത്താന്‍ സഹായകമാവുമെന്നാണ് വിലയിരുത്തപ്പെടുന്നത്. നിലവില്‍,ചൊവ്വ പര്യവേഷണത്തിനായി ചന്ദ്രനില്‍ ബേസ് ക്യാമ്പുകള്‍ നിര്‍മിക്കാനുള്ള ഒരുക്കത്തിലാണ്  നാസയിലെ ശാസ്ത്രഞ്ജരും ഉള്ളത്.

EXPRESS KERALA VIEW

Top