വാക്‌സിന്‍ രണ്ട് ഡോസ് സ്വീകരിച്ചവരില്‍ 95 ശതമാനം മരണനിരക്ക് കുറക്കുന്നുവെന്ന് പഠനം

ചെന്നൈ: കൊവിഡ് ബാധിച്ചവരിലെ മരണനിരക്ക് ഗണ്യമായി കുറയ്ക്കാന്‍ വാക്‌സിനേഷന് സാധിക്കുമെന്ന് ഐസിഎംആര്‍ പഠനം. വാക്‌സിന്‍ ഒരു ഡോസ് സ്വീകരിച്ചവരില്‍ ഇത് 82 ശതമാനവും രണ്ട് ഡോസ് കൊവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചവരില്‍ മരണത്തെ പ്രതിരോധിക്കാനുള്ള കഴിവ് 95 ശതമാനമാണെന്നാണ് ഐ സി എം ആര്‍ പഠനം. അതേസമയം വാക്‌സിന്‍ സ്വീകരിക്കാത്തവരില്‍ മരണനിരക്ക് ഉയര്‍ന്ന നിലയിലുമാണെന്ന് തമിഴ്‌നാട്ടിലെ പോലീസുകാരില്‍ നടത്തിയ പഠനം തെളിയിക്കുന്നു.

രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം രൂക്ഷമായിരുന്ന ഫെബ്രുവരി ഒന്ന് മുതല്‍ മെയ് 14 വരെയുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പഠനം. തമിഴ്‌നാട്ടിലെ 1,17,524 പോലീസുകാരില്‍ 32,792 പേര്‍ ആദ്യ ഡോസും 67,673 പേര്‍ രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചവരാണ്. 17,059 പേര്‍ വാക്‌സിന്റെ ഒരു ഡോസും സ്വീകരിച്ചിട്ടില്ല.

സംസ്ഥാനത്തെ മൊത്തം പോലീസുകാരില്‍ ഈ വര്‍ഷം ഏപ്രില്‍ 13 മുതല്‍ മെയ് 14 വരെയുള്ള കാലയളവില്‍ 31 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതില്‍ നാല് പേര്‍ രണ്ട് ഡോസ് വാക്‌സിനും ഏഴ് പേര്‍ ഒരു ഡോസ് വാക്‌സിനും സ്വീകരിച്ചിരുന്നു. 20 പേര്‍ വാക്‌സിന്‍ സ്വീകരിച്ചിരുന്നില്ല. 34 മുതല്‍ 58 വരെ പ്രായമുള്ളവരാണ് മരിച്ചത്. ഇതില്‍ 29 പുരുഷന്‍മാരും രണ്ട് സ്ത്രീകളും ഉള്‍പ്പെടുന്നു.

ആകെ റിപ്പോര്‍ട്ട് ചെയ്ത മരണത്തില്‍ വാക്‌സിന്‍ സ്വീകരിക്കാത്തവര്‍, ഒരു ഡോസ് സ്വീകരിച്ചവര്‍, രണ്ട് ഡോസ് സ്വീകരിച്ചവര്‍ എന്നിവരുടെ മരണനിരക്ക് യഥാക്രമം ആയിരം പോലീസുകാരില്‍ 1.17 ശതമാനം, 0.21 ശതമാനം, 0.06 ശതമാനം എന്നിങ്ങനെയാണ്. പഠനം സൂചിപ്പിക്കുന്നതനുസരിച്ച് കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവരിലെ മരണനിരക്ക് കുറവാണ്. ഒരു ഡോസ് സ്വീകരിച്ചവരില്‍ 0.18, രണ്ട് ഡോസ് സ്വീകരിച്ചവരില്‍ 0.05 എന്നിങ്ങനെയാണ് കോവിഡ് മരണത്തിനുള്ള സാധ്യത. അതേസമയം വാക്‌സിന്‍ സ്വീകരിക്കാത്തവരില്‍ മരണനിരക്ക് ഉയര്‍ന്ന നിലയിലുമാണ്.

ഈ റിപ്പോര്‍ട്ട് പുറത്തു വന്നതിലൂടെ വാക്‌സിനേഷന്‍ സംബന്ധിച്ച തെറ്റിദ്ധാരണകള്‍ക്കും വ്യാജ പ്രചരണങ്ങള്‍ക്കും പരിഹാരമാകുമെന്നാണ് വിലയിരുത്തല്‍.

Top