ഓടിക്കൊണ്ടിരിക്കുന്ന ബസില്‍ നിന്ന് വിദ്യാര്‍ത്ഥി തെറിച്ചു വീണു

കോട്ടയം: കോട്ടയത്ത് ഓടിക്കൊണ്ടിരിക്കുന്ന സ്വകാര്യ ബസില്‍ നിന്നും വിദ്യാര്‍ത്ഥി തെറിച്ചു വീണു. കോട്ടയം ചിങ്ങവനം പവര്‍ ഹൗസ് ജംഗ്ഷനടുത്തുവെച്ച് കഴിഞ്ഞ ദിവസം വൈകീട്ടാണ് സംഭവം. 13 വയസുകാരനായ അവിറാമിനാണ് ബസില്‍ നിന്ന് തെറിച്ചുവീണ് പരിക്കേറ്റത്. മുഖത്തും കൈകള്‍ക്കുമാണ് പരിക്ക്. ചികിത്സ പുരോഗമിക്കുകയാണ്. വിദ്യാര്‍ത്ഥി തെറിച്ചുവീണിട്ടും സ്വകാര്യ ബസ് നിര്‍ത്താന്‍ തയ്യാറായില്ലെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ബസ് പിന്നീട് നാട്ടുകാര്‍ തടഞ്ഞുവെച്ചു.

ബസ് അമിത വേഗതയിലായിരുന്നുവെന്നും അപകടത്തില്‍പ്പെട്ട വിദ്യാര്‍ത്ഥിയുടെ പിതാവ് പ്രതികരിച്ചു. ബസ് ജീവനക്കാര്‍ മകന്റെ ആരോഗ്യനില പരിശോധിക്കാന്‍ ശ്രമിച്ചില്ലെന്നും നാട്ടുകാര്‍ തടഞ്ഞതാണ് ബസ് നിര്‍ത്തിയതെന്നും പിതാവ് പ്രതികരിച്ചു. ‘കുഞ്ഞുകുട്ടികളുടെ ജീവന്റെ കാര്യമാണ്. നിയമപരമായി തന്നെ മുന്നോട്ടുപോവും. ഇനിയൊരാള്‍ക്കും ഈ ഗതി വരരുത്. ഒരാള്‍ ശിക്ഷിക്കപ്പെട്ടാല്‍ ഇത് ആവര്‍ത്തിക്കാതിരിക്കുമെന്നാണ് പ്രതീക്ഷ’ പിതാവ് പറഞ്ഞു.

അതേസമയം വിഷയത്തില്‍ പൊലീസ് നടപടി സ്വീകരിക്കാന്‍ വൈകുന്നതായി ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ബസില്‍ നിന്ന് എടുത്തുചാടിയതാണ് അവിറാമെന്ന നിലപാടിലാണ് ജീവനക്കാര്‍. വിഷയത്തില്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് എംഎല്‍എ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടു. സംഭവത്തെക്കുറിച്ച് മോട്ടോര്‍ വാഹനവകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

Top